Skip to content
November 20, 2026
⌕

അമേരിക്കയിലെ 9/11 മാതൃകയിൽ ഇസ്രായേൽ വിമാനത്താവളത്തിലോ യു.എസ് സൈനിക താവളത്തിലോ വിമാനം ഇടിച്ചിറക്കാൻ ഫ്ലൈ ദുബായ് ഒമാനി സഹപൈലറ്റ് പദ്ധതിയിട്ടത് ജൂലൈ മാസത്തിൽ: കൂടെയുണ്ടായിരുന്ന ജീവനക്കാരനോടുള്ള സൗഹൃദം കാരണം ആക്രമണം സെപ്റ്റംബറിലേക്ക് മാറ്റി; പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട ശേഷം പെട്ടെന്ന് കോടാലിയെടുത്ത് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ

October 5, 2026
Share this post to

അബുദാബി: ഫ്‌ലൈ ദുബായ് വിമാനം ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലോ കെട്ടിടങ്ങളിലോ ഇടിച്ചിറക്കി യു.എസ് സെപ്റ്റംബര്‍ 11 മാതൃകയില്‍ വന്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഒമാനി സഹപൈലറ്റ് ഹമാം അല്‍ ഹമ്മാമി ആക്രമണത്തിനായി ആദ്യം തീരുമാനിച്ചിരുന്നത് ജൂലൈ മാസമായിരുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 


വിമാനത്തിലെ ഒരു ജീവനക്കാരനുമായുള്ള ആത്മബന്ധം കാരണമാണ് ജൂലൈയിലെ പദ്ധതി മാറ്റിവെച്ചതെന്നും, പിന്നീട് സെപ്റ്റംബറിലേക്ക് നീട്ടുകയായിരുന്നെന്നും യു.എ.ഇയില്‍ കസ്റ്റഡിയിലുള്ള പ്രതി വെളിപ്പെടുത്തി. 


ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ച ഹമ്മാമി, കോക്ക്പിറ്റിലെ കോടാലി ഉപയോഗിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ തലയ്ക്ക് പിന്നില്‍ അതിശക്തമായി വെട്ടുകയായിരുന്നുവെന്നും, തുടക്കത്തില്‍ വിമാനത്തിനുള്ളില്‍ എന്തോ തകരാര്‍ സംഭവിച്ചതാണെന്നാണ് താന്‍ കരുതിയതെന്നും ചികിത്സയിലുള്ള ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് വ്യക്തമാക്കി.

ജോര്‍ദാന്‍ വ്യോമാതിര്‍ത്തിയില്‍ വെച്ചായിരുന്നു ആക്രമണം. ലാന്‍ഡിംഗിനുള്ള അനുമതികള്‍ എല്ലാം സാധാരണ രീതിയില്‍ വാങ്ങി സംശയങ്ങള്‍ക്കിട നല്‍കാതെ അവസാന നിമിഷം വിമാനം വിമാനത്താവളത്തിലോ ടെല്‍ അവീവിലെ ആകാശം മുട്ടുന്ന കെട്ടിടങ്ങളിലോ ജോര്‍ദാനിലെ യു.എസ് സൈനിക താവളത്തിലോ ഇടിച്ചിറക്കുകയായിരുന്നു ലക്ഷ്യം. 


ക്യാപ്റ്റനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം എന്‍ജിന്‍ ഓഫാക്കി വിമാനം കുത്തനെ താഴേക്ക് തിരിച്ചതോടെ വെറും ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് വിമാനം 16,000 അടിയോളം താഴ്ചയിലേക്ക് പതിച്ചിരുന്നു. എന്നാല്‍ കടുത്ത പരിക്കുകള്‍ക്കിടയിലും ക്രാഷ് ആക്‌സ് വീശിയ പ്രതിക്കെതിരെ പോരാടിയ സ്മിത് മച്ചാര്‍, ഡിസ്ട്രസ് സിഗ്‌നലുകള്‍ അയക്കുകയും കോക്ക്പിറ്റ് വാതില്‍ തുറന്നു നല്‍കുകയുമായിരുന്നു. 


തുടര്‍ന്ന് ഓടിയെത്തിയ ജീവനക്കാരും ഇസ്രായേലി യാത്രക്കാരും ചേര്‍ന്ന് പ്രതിയെ കീഴടക്കിയതിനെ തുടര്‍ന്നാണ് വിമാനത്തിലുണ്ടായിരുന്ന 182 ജീവനക്കാരുടെയും യാത്രക്കാരുടെയും ജീവന്‍ രക്ഷിക്കാനായത്. 

അതേസമയം, തീവ്രവാദ നിലപാടുകളുടെ പേരില്‍ ഒമാന്‍ സര്‍ക്കാര്‍ മുന്‍പും വിലക്കേര്‍പ്പെടുത്തിയ ഒരു വ്യക്തി ഫ്‌ലൈ ദുബായിയുടെ കോക്ക്പിറ്റില്‍ എത്തിയതിലെ ഗുരുതരമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

 

Get more updates from Pudukad News on Google