
പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും പരാതിക്കാരിയും തമ്മിലുള്ള നിർണ്ണായകമായ വാട്സ്ആപ്പ് ചാറ്റുകൾ പോലീസ് കണ്ടെടുത്തു. പാലക്കാട് ഫ്ലാറ്റ് വാങ്ങുന്നത് സംബന്ധിച്ച് ഇരുവരും നടത്തിയ ചർച്ചകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പന്ത്രണ്ടാം നിലയിലുള്ള 3 ബിഎച്ച്കെ ഫ്ലാറ്റ് വാങ്ങാനുള്ള താൽപ്പര്യം രാഹുൽ പ്രകടിപ്പിച്ചപ്പോൾ 2 ബിഎച്ച്കെ പോരേയെന്ന് തിരിച്ചു ചോദിക്കുന്നതുമാണ് ചാറ്റിലുള്ളത്. ഫ്ലാറ്റ് വാങ്ങാനായി ഏകദേശം 1.14 കോടി രൂപ ചിലവാക്കണമെന്ന് രാഹുൽ തന്നോട് പറഞ്ഞതായി പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് തിരുവല്ലയിലെ ഹോട്ടലിൽ എത്തിയ പ്രത്യേക അന്വേഷണ സംഘം ജീവനക്കാരുടെ മൊഴിയെടുക്കുകയും ഹോട്ടൽ രജിസ്റ്ററുകൾ പരിശോധിക്കുകയും ചെയ്തു. നിലവിൽ മാവേലിക്കര സബ് ജയിലിൽ 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ പാർപ്പിച്ചിരിക്കുന്നത്. അതീവ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെങ്കിലും ജയിലിലേക്ക് പോകുമ്പോഴും യാതൊരു കുലുക്കവുമില്ലാതെയാണ് രാഹുൽ പെരുമാറുന്നത്.
Also Read: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകൾ ശക്തം; പഴയ വാദങ്ങൾ വിലപ്പോകില്ലെന്ന് വിലയിരുത്തൽ
തനിക്കെതിരെയുള്ള ആരോപണങ്ങളെ നിയമപരമായി നേരിടാനുള്ള തെളിവുകൾ കൈവശമുണ്ടെന്നും വൈകാതെ പുറത്തിറങ്ങുമെന്നും രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചു. സ്വതന്ത്രനായി നിന്നാലും താൻ വിജയിക്കുമെന്ന് രാഷ്ട്രീയ വെല്ലുവിളി കൂടി ഉയർത്തിയാണ് അദ്ദേഹം ജയിലിലേക്ക് പ്രവേശിച്ചത്. പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ഇതേത്തുടർന്ന് നാളെ വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാനാണ് പ്രതിഭാഗം ഒരുങ്ങുന്നത്.
The post 1.14 കോടിയുടെ ഫ്ലാറ്റ്, നിർണ്ണായക ചാറ്റുകൾ! രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകൾ നിരത്തി പോലീസ് appeared first on Express Kerala.



