
ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ പ്രീമിയം സർവീസായ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രാക്കിലിറങ്ങാൻ തയ്യാറെടുക്കുന്നു. എല്ലാ പരീക്ഷണ ഓട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയ ട്രെയിൻ, ജനുവരി 17-നോ 18-നോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഹൗറ (കൊൽക്കത്ത) മുതൽ കാമാഖ്യ (ഗുവാഹത്തി) വരെയുള്ള റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസ് നടത്തുക.
യാത്രച്ചെലവ് കൂടും; ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ
റെയിൽവേ ബോർഡിന്റെ പുതിയ സർക്കുലർ പ്രകാരം സാധാരണ എസി ട്രെയിനുകളെ അപേക്ഷിച്ച് വന്ദേഭാരത് സ്ലീപ്പർ യാത്രയ്ക്ക് ചെലവേറും. മിനിമം ചാർജ് ഈടാക്കുന്നത് 400 കിലോമീറ്റർ ദൂരത്തേക്കാണ്. അതായത് കുറഞ്ഞ ദൂരത്തേക്കാണ് യാത്രയെങ്കിലും 400 കിലോമീറ്ററിന്റെ തുക നൽകേണ്ടി വരും. 400 കി.മീ വരെയുള്ള അടിസ്ഥാന നിരക്ക് (ജിഎസ്ടി ഒഴികെ) തേർഡ് എസിക്ക് 960 രൂപയും, സെക്കൻഡ് എസിക്ക് 1240 രൂപയും, ഫസ്റ്റ് എസിക്ക് 1520 രൂപയുമാണ്. ദൂരം കൂടുന്തോറും കിലോമീറ്ററിന് 2.4 മുതൽ 3.8 രൂപ വരെ വർദ്ധനവുണ്ടാകും. ഹൗറ-ഗുവാഹത്തി റൂട്ടിൽ (1000 കി.മി) ഭക്ഷണം ഉൾപ്പെടെ ഏകദേശ നിരക്ക് 2300 രൂപ മുതൽ 3800 രൂപ വരെയാകാനാണ് സാധ്യത.
Also Read: സമ്മതപ്രകാരമുള്ള കൗമാര ബന്ധങ്ങൾക്കും പോക്സോ ബാധകം; ‘റോമിയോ–ജൂലിയറ്റ്’ ചട്ടം വരുന്നു
ടിക്കറ്റ് ബുക്കിംഗിൽ കർശന നിയന്ത്രണങ്ങൾ
വന്ദേഭാരത് സ്ലീപ്പറിൽ കൺഫേംഡ് ടിക്കറ്റുകൾ മാത്രമേ ലഭ്യമാകൂ എന്നതാണ് പ്രധാന പ്രത്യേകത. ആർഎസി (RAC), വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ഈ ട്രെയിനിലുണ്ടാകില്ല. എല്ലാ ബെർത്തുകളും മുൻകൂട്ടി റിസർവ് ചെയ്യാം. സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക ക്വോട്ടകൾ ഉണ്ടായിരിക്കും. അതേസമയം, സൗജന്യ പാസുകളോ കൺസഷനുകളോ അനുവദിക്കില്ല. കുട്ടികൾക്ക് സാധാരണ നിരക്ക് ബാധകമായിരിക്കും. ടിക്കറ്റ് റദ്ദാക്കിയാൽ ലഭിക്കുന്ന റീഫണ്ട് ഡിജിറ്റൽ മാർഗത്തിലൂടെ മാത്രമേ നൽകൂ.
വേഗതയും സൗകര്യങ്ങളും
മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ട്രെയിനിൽ അത്യാധുനിക ഇന്റീരിയർ, വിപുലമായ സുരക്ഷാ സംവിധാനങ്ങൾ, ഹോട്ടൽ നിലവാരത്തിലുള്ള ഓൺബോർഡ് സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ദീർഘദൂര യാത്രക്കാർക്ക് ആഡംബരപൂർണ്ണമായ അനുഭവം നൽകുന്നതിനാലാണ് നിരക്ക് കൂടുതലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു.
The post 180 കി.മീ വേഗതയിൽ ആഡംബര യാത്ര; വന്ദേഭാരത് സ്ലീപ്പർ പ്രയാണം തുടങ്ങുന്നു appeared first on Express Kerala.



