Skip to content
November 19, 2026
⌕

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമില്ല; ജീവൻരക്ഷാ മരുന്നുകളുടെ വിതരണം സുഗമമാക്കിയെന്ന് മന്ത്രി | Kerala government hospitals

October 6, 2026
Share this post to
Helicopter Controversy

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ, ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലെ മരുന്നുകളുടെ വിതരണം സുഗമമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു (Kerala government hospitals).

ആരോഗ്യവകുപ്പിലെ ഉന്നതതല യോഗം വിളിച്ചുചേർത്ത് സംസ്ഥാനത്തെ മരുന്ന് ലഭ്യത വിലയിരുത്തിയ ശേഷമാണ് മന്ത്രിയുടെ പ്രതികരണം. വിവിധ ജില്ലകളിലെ ഡി.എം.ഒമാരിൽ നിന്ന് ആശുപത്രികളിലെ മരുന്നുകളുടെ നിലവിലെ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങളും മന്ത്രി ശേഖരിച്ചു.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) വഴി ലഭ്യമാക്കിയ മരുന്നുകൾ ജില്ലാ സ്റ്റോറുകളിൽ നിന്ന് ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളിൽ പൂർണമായി എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. കാൻസർ, ഹൃദ്രോഗം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള ചില മരുന്നുകളുടെ വിതരണം കൂടി ഉടൻ പൂർണതോതിൽ സാധ്യമാകുമെന്ന് യോഗത്തിൽ അറിയിച്ചു. അതുവരെ ആവശ്യമായ മരുന്നുകൾ ലോക്കൽ പർച്ചേസിലൂടെ ലഭ്യമാക്കാൻ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഹീമോഫീലിയ രോഗികൾക്ക് ആവശ്യമായ ഫാക്ടർ 9 മരുന്നിന്റെ ലഭ്യത ഉറപ്പാക്കാനും മന്ത്രി പ്രത്യേക നിർദേശം നൽകി. നിലവിൽ ഫാക്ടർ 9ന്റെ കുറവ് നേരിടുന്ന ആരോഗ്യസ്ഥാപനങ്ങളിൽ ആവശ്യമായ അളവിൽ രണ്ട് ദിവസത്തിനുള്ളിൽ മരുന്ന് എത്തിക്കുമെന്ന് കെ.എം.എസ്.സി.എൽ അധികൃതർ യോഗത്തിൽ വ്യക്തമാക്കി.

ആശുപത്രികളിലെ മരുന്നുകളുടെ സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കുകയും ക്ഷാമം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ആവശ്യമായ ഇടപെടലുകൾ നടത്തുകയും വേണമെന്ന് ജില്ലാതല മരുന്ന് നിരീക്ഷണ സമിതികൾക്ക് മന്ത്രി നിർദേശം നൽകി. മരുന്നുകളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങൾ തുടർച്ചയായി വിലയിരുത്താനും മന്ത്രി ആവശ്യപ്പെട്ടു.

ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിനായി മറ്റ് വകുപ്പുകളുമായും തദ്ദേശസ്ഥാപനങ്ങളുമായും ഏകോപനം ശക്തമാക്കണമെന്നും മന്ത്രി നിർദേശിച്ചു. കൂടുതൽ ആരോഗ്യസ്ഥാപനങ്ങളിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാരോടും ആവശ്യപ്പെട്ടു.

108 ആംബുലൻസ് സേവനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി നിർദേശിച്ചു.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ദേശീയ ആരോഗ്യ ദൗത്യം മിഷൻ ഡയറക്ടർ ഡോ. രേണു രാജ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Story Summary:
Kerala Health Minister K. Muraleedharan said the supply of essential medicines, lifestyle disease medicines and antibiotics to government hospitals has been streamlined. Measures have also been taken to ensure the availability of Factor 9 for haemophilia patients and prevent medicine shortages through regular stock monitoring.

Get more updates from Pudukad News on Google