കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; ആദ്യ ലോഡ് ഒരു ടൺ മൊബൈൽ ഫോണുകൾ | KSRTC Cargo Service
തിരുവനന്തപുരം: ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി ആരംഭിച്ച കാർഗോ സർവീസിന് തുടക്കമായി (KSRTC Cargo Service). ഡൽഹിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഒരു ടൺ മൊബൈൽ ഫോണുകളാണ് ആദ്യ കാർഗോ ലോഡായി കെഎസ്ആർടിസി വാടകയ്ക്കെടുത്ത ട്രക്കിൽ ആലുവയിലേക്ക് അയച്ചത്.
തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ കാർഗോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
ടിക്കറ്റ് വരുമാനത്തിന് പുറമെ മറ്റ് വരുമാന മാർഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ നടപ്പാക്കുന്ന കാർഗോ സേവനങ്ങളുടെ മാതൃക പഠിച്ച ശേഷമാണ് കെഎസ്ആർടിസി ഈ മേഖലയിലേക്ക് കടന്നത്. നിലവിൽ വെറ്റ് ലീസിൽ എടുത്ത അഞ്ച് ട്രക്കുകളാണ് കാർഗോ സർവീസിനായി ഉപയോഗിക്കുന്നത്.
വിമാനത്താവളങ്ങളിൽ എത്തുന്ന ചരക്കുകൾ ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് അധിക വരുമാനം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിലുള്ള ഗതാഗത ശൃംഖല പരമാവധി പ്രയോജനപ്പെടുത്തി കാർഗോ മേഖലയിലെ പ്രവർത്തനം വിപുലീകരിക്കാനും കോർപറേഷൻ ലക്ഷ്യമിടുന്നു.
ചടങ്ങിൽ വാർഡ് കൗൺസിലർ ഷീബ പാട്രിക് അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ, ചീഫ് എയർപോർട്ട് ഓഫീസർ പി.കെ. അജു, സ്കോർപ്പിയോൺ ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർമാരായ ഡി. വിജയൻ, അഭിലാഷ് വിജയൻ, അസറ്റ് ഇൻഫ്രാസ്ട്രക്ചർ ഹെഡ് കെ.എസ്. ഷിബുകുമാർ, ലീഡ് കാർഗോ ഹെഡ് ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു.
Story Summary:
KSRTC has launched its new cargo service in Kerala as part of efforts to increase non-ticket revenue. The first consignment, one tonne of mobile phones brought from Delhi by Air India, was transported from Thiruvananthapuram airport to Aluva using a KSRTC-leased truck.




