Skip to content
November 20, 2026
⌕

പേടിഎം പേയ്മെന്റ്സ് ബാങ്കിനെ ഷെഡ്യൂൾഡ് ബാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കി ആർബിഐ; ഉപഭോക്തൃ സേവനങ്ങൾക്ക് എന്ത് സംഭവിക്കും? | Paytm Payments Bank

October 7, 2026
Share this post to
Paytm Payments Bank

ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിനെ (Paytm Payments Bank) ഷെഡ്യൂൾഡ് ബാങ്കുകളുടെ പട്ടികയിൽ നിന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒഴിവാക്കി. ബാങ്കിന്റെ ബാങ്കിങ് ലൈസൻസ് റദ്ദാക്കുകയും ബാങ്ക് അടച്ചുപൂട്ടുന്നതിനുള്ള ലിക്വിഡേഷൻ നടപടികൾക്ക് ഡൽഹി ഹൈക്കോടതി ഉത്തരവിടുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ നടപടി.

ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയ സമയത്ത്, ലിക്വിഡേഷൻ നടപടികൾക്കിടെ നിക്ഷേപകരുടെ മുഴുവൻ തുകയും തിരിച്ചുനൽകുന്നതിനാവശ്യമായ പണലഭ്യത ബാങ്കിനുണ്ടെന്ന് ആർബിഐ വ്യക്തമാക്കിയിരുന്നു.

അതേസമയം, പേടിഎം പേയ്മെന്റ്സ് ബാങ്കിനെതിരായ നടപടികൾ തങ്ങളുടെ ഡിജിറ്റൽ പേയ്മെന്റ് സേവനങ്ങളെ ബാധിക്കില്ലെന്ന് വൺ97 കമ്മ്യൂണിക്കേഷൻസ് വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ബാങ്കുകളുടെ സഹകരണത്തോടെയാണ് പേടിഎമ്മിന്റെ യുപിഐ സേവനങ്ങൾ പ്രവർത്തിക്കുന്നതെന്നും 2024 മാർച്ചോടെ പേയ്മെന്റ്സ് ബാങ്കുമായുള്ള പ്രധാന ബിസിനസ് ബന്ധങ്ങൾ അവസാനിപ്പിച്ചിരുന്നുവെന്നും കമ്പനി അറിയിച്ചു.

2022 മുതൽ നിയന്ത്രണങ്ങൾ
ബാങ്കിങ് ലൈസൻസ് റദ്ദാക്കുന്നതിന് മുമ്പുതന്നെ പേടിഎം പേയ്മെന്റ്സ് ബാങ്ക് നിരവധി നിയന്ത്രണങ്ങൾ നേരിട്ടിരുന്നു. മേൽനോട്ടപരമായ ആശങ്കകൾ ചൂണ്ടിക്കാട്ടി 2022 മാർച്ച് 11ന് പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് ആർബിഐ ബാങ്കിനെ വിലക്കിയിരുന്നു. സമഗ്രമായ ഐടി ഓഡിറ്റ് നടത്തുന്നതിനായി പ്രത്യേക ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാനും നിർദേശിച്ചു.

തുടർന്ന് 2024 ജനുവരി 31നും ഫെബ്രുവരി 16നും ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഉപഭോക്തൃ അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ എന്നിവയിലേക്ക് പുതിയ നിക്ഷേപങ്ങൾ, ക്രെഡിറ്റുകൾ, ടോപ്പ്-അപ്പുകൾ എന്നിവ സ്വീകരിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.

നിയമപരമായ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായതിനെ തുടർന്നാണ് ആർബിഐ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയത്. പിന്നീട് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ബാങ്ക് ഔദ്യോഗിക ലിക്വിഡേഷൻ നടപടികളിലേക്ക് നീങ്ങി.

പേടിഎം ഉപഭോക്താക്കളുടെ പണത്തിന് എന്ത് സംഭവിക്കും?
ബാങ്ക് അടച്ചുപൂട്ടുന്ന സാഹചര്യത്തിലും നിക്ഷേപകരുടെ മുഴുവൻ തുകയും തിരിച്ചുനൽകുന്നതിനാവശ്യമായ പണലഭ്യത പേടിഎം പേയ്മെന്റ്സ് ബാങ്കിനുണ്ടെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉറപ്പ് പേയ്മെന്റ്സ് ബാങ്കിലെ നിക്ഷേപങ്ങൾക്ക് മാത്രമാണ് ബാധകം.

അതേസമയം, പേടിഎം ആപ്പിലൂടെയുള്ള മറ്റ് ഡിജിറ്റൽ സേവനങ്ങൾ തുടർന്നും ഉപയോഗിക്കാനാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

യുപിഐയും മറ്റ് സേവനങ്ങളും തുടരും
ആർബിഐ നടപടിക്ക് പിന്നാലെ ഏപ്രിലിൽ നൽകിയ റെഗുലേറ്ററി ഫയലിങ്ങിൽ പേടിഎം ആപ്പ്, യുപിഐ, ക്യുആർ പേയ്മെന്റുകൾ, സൗണ്ട് ബോക്സ്, കാർഡ് മെഷീനുകൾ, പേയ്മെന്റ് ഗേറ്റ്‌വേ തുടങ്ങിയ സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്ന് വൺ97 കമ്മ്യൂണിക്കേഷൻസ് അറിയിച്ചിരുന്നു.

പേടിഎം പേയ്മെന്റ്സ് ബാങ്കുമായി തങ്ങൾക്ക് സാമ്പത്തിക ബാധ്യതകളൊന്നുമില്ലെന്നും 2024 മാർച്ച് 31ഓടെ ബാങ്കിലെ തങ്ങളുടെ നിക്ഷേപം പൂർണമായും പിൻവലിച്ചിരുന്നുവെന്നും കമ്പനി അറിയിച്ചു.

പേടിഎം ഗോൾഡ്, പേടിഎം മണി തുടങ്ങിയ സേവനങ്ങളെയും ബാങ്കിനെതിരായ നടപടികൾ ബാധിക്കില്ലെന്നാണ് കമ്പനിയുടെ നിലപാട്. അതിനാൽ പേയ്മെന്റ്സ് ബാങ്ക് ലിക്വിഡേഷൻ നടപടികളിലൂടെ കടന്നുപോകുമ്പോഴും ഉപഭോക്താക്കൾക്ക് പേടിഎം ആപ്പ് ഉപയോഗിച്ച് യുപിഐ ഇടപാടുകൾ, റീചാർജുകൾ, ബിൽ പേയ്മെന്റുകൾ തുടങ്ങിയ സേവനങ്ങൾ തുടരാനാകും.

Story Summary:
The Reserve Bank of India has removed Paytm Payments Bank Ltd from the list of scheduled banks following the cancellation of its banking licence and the liquidation process ordered by the Delhi High Court. Paytm has said that its UPI, QR payments, recharges, bill payments and other app-based services will continue through its banking partners.

Get more updates from Pudukad News on Google