Skip to content
November 20, 2026
⌕

കോട്ടയം ഡിടിപിസി ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന, പരാതികളിൽ രേഖകൾ പിടിച്ചെടുത്തു. പരിശോധന മണിക്കൂറുകൾ നീണ്ടു. ഇല്ലിക്കൽ കല്ലിൽ നടന്ന അനധികൃത നടപടികളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും ലഭിച്ച പരാതികളാണ് പ്രധാനമായും പരിശോധനയ്ക്ക് കാരണമായത്

October 8, 2026
Share this post to

കോട്ടയം: ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലെ സാമ്പത്തിക-ഭരണപരമായ ക്രമക്കേടുകൾ സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി.

ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ ആരംഭിച്ച പരിശോധന രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.

ഡിടിപിസിയുടെ കീഴിലുള്ള പ്രശസ്ത ടൂറിസം കേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ നടന്ന അനധികൃത നടപടികളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും ലഭിച്ച പരാതികളാണ് പ്രധാനമായും പരിശോധനയ്ക്ക് കാരണമായത്.

പരിശോധനയ്ക്കിടെ പരാതിയുമായി ബന്ധപ്പെട്ട പ്രധാന ഫയലുകളും രേഖകളും വിജിലൻസ് സംഘം ശേഖരിച്ചു.

ഇല്ലിക്കൽ കല്ലിനു പുറമെ, ജില്ലയിലെ മറ്റു ടൂറിസം കേന്ദ്രങ്ങളിൽ മുൻകാലങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള അഴിമതിയോ നിയമവിരുദ്ധ പ്രവർത്തനങ്ങളോ നടന്നിട്ടുണ്ടോ എന്നും, അവയിൽ മുൻപ് ഡി.ടി.പി.സി എടുത്ത നടപടികൾ എന്തൊക്കെയാണെന്നും വിജിലൻസ് വിശദമായി പരിശോധിക്കും.

പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ച ശേഷം വരും ദിവസങ്ങളിൽ കൃത്യമായ റിപ്പോർട്ട് തയാറാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി

Get more updates from Pudukad News on Google