സർക്കാർ ആശുപത്രി വളപ്പിൽ വെച്ച് പെട്രോളൊഴിച്ച് തീക്കൊളുത്തിയ താൽക്കാലിക ജീവനക്കാരി മരിച്ചു; ആട്ടോ ഡ്രൈവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് | Female employee dies after set on fire Ponneri hospital
ചെന്നൈ: തമിഴ്നാട്ടിലെ പൊന്നേരി സർക്കാർ ആശുപത്രി വളപ്പിൽ വെച്ച് യുവാവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ താൽക്കാലിക ജീവനക്കാരി ചികിത്സയിലിരിക്കെ മരണപ്പെട്ടു (Female employee dies after set on fire Ponneri hospital). പൊന്നേരി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായ രാജേശ്വരി (34) ആണ് ചെന്നൈ കീഴ്പാക്കം സർക്കാർ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ മാസം സെപ്റ്റംബർ 21-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുൻവൈരാഗ്യത്തെ തുടർന്ന് മാധവരം സ്വദേശിയായ പ്രകാശ് (38) എന്ന ആട്ടോ ഡ്രൈവർ ആശുപത്രി വളപ്പിൽ വെച്ച് രാജേശ്വരിയുടെ മേൽ പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജേശ്വരിയെ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി പ്രകാശിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിന് നേരെ ആക്രമണം നടത്തുകയും തുടർന്ന് പൊലീസ് ഇയാളുടെ കാലിൽ വെടിവെച്ച് വീഴ്ത്തി പിടികൂടുകയുമായിരുന്നു. ആദ്യഘട്ടത്തിൽ വധശ്രമത്തിന് കേസെടുത്തിരുന്ന പൊലീസ്, രാജേശ്വരിയുടെ മരണത്തോടെ കേസ് കൊലപാതകക്കുറ്റമായി (Murder Case) മാറ്റി.




