സീമാപുരിയിലെ തകർന്ന് വീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വെള്ളത്തിനായി കേണു: രക്ഷാപ്രവർത്തനത്തിന് പിന്നാലെ ഗർഭിണിയായ യുവതി മരിച്ചു | Seemapuri Building Collapse
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ സീമാപുരിയിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ നാല് മാസം ഗർഭിണിയായ യുവതി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. 21-കാരിയായ ഗുലാഫ്സ ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽ ഒന്നര വയസ്സുള്ള കുഞ്ഞും മറ്റൊരു കുട്ടിയും ഉൾപ്പെടെ മൂന്ന് പേരാണ് ജീവൻ വെടിഞ്ഞത്. എട്ട് പേർക്ക് പരിക്കേറ്റു.(Seemapuri Building Collapse Pregnant Woman Gulafsa Dies Three Dead)
ബുധനാഴ്ച ഉച്ചയ്ക്ക് 3.30-ഓടെയാണ് സീമാപുരിയിലെ ഇദ്ഗാഹ് മസ്ജിദിന് സമീപമുള്ള കെട്ടിടം തകർന്നുവീണത്. രണ്ടാം നിലയിൽ കുളിക്കുകയായിരുന്ന ഗുലാഫ്സ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോകുകയായിരുന്നു. മണിക്കൂറുകളോളം അവശിഷ്ടങ്ങൾക്കടിയിൽ കിടന്ന യുവതി തനിക്ക് ശ്വാസം മുട്ടുന്നുണ്ടെന്നും കുടിക്കാൻ വെള്ളം വേണമെന്നും ഫോണിലൂടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തകർ സ്ഥലം കണ്ടെത്തി പുറത്തെടുത്തത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ സമീപത്തെ രണ്ട് വീടുകളിലേക്കും ഈദ്ഗായുടെ കോമ്പൗണ്ട് മതിലിലേക്കും വീണതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. എൻ.ഡി.ആർ.എഫും ഫയർഫോഴ്സും ഡൽഹി പോലീസും പ്രദേശവാസികളും ചേർന്ന് നടത്തിയ തിരച്ചിലിൽ 11 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. 20-25 വർഷത്തോളം പഴക്കമുള്ളതാണ് കെട്ടിടമെന്ന് എം.സി.ഡി (MCD) അധികൃതർ വ്യക്തമാക്കി.
Story Summary
A 21-year-old four-month pregnant woman, Gulafsa, died in a hospital after calling her family for water and help while trapped beneath the rubble of a collapsed multi-storey building in Delhi’s New Seemapuri. The incident resulted in three deaths, including two children, and left eight others injured.




