പാലക്കാട്ടെ പീഡന പരാതിയിൽ നേതൃത്വത്തിന് മുന്നറിയിപ്പുമായി പി.കെ. ശ്രീമതി. സ്ത്രീ പീഡകരെ പാർട്ടി സംരക്ഷിക്കില്ലെന്നും സഹായിക്കാൻ പോകുന്നവർ വിനാശകാലേ വിപരീതബുദ്ധി എന്ന് ഓർത്താൽ നന്നെന്നും സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി ഫേസ്ബുക്ക് പോസ്റ്റ്. തീവ്രത അളക്കാൻ ഇനി ആളില്ലേ എന്ന് എ.കെ. ബാലനൊപ്പമുള്ള ചിത്രം വെച്ചുള്ള സൈബർ ആക്രമണങ്ങളിലും പ്രതികരണം. സുരേഷ് ബാബു എന്നല്ല മറ്റാരായാലും സംരക്ഷിക്കില്ലെന്നും തുറന്നടിച്ച് ശ്രീമതി ടീച്ചർ
ന്യൂഡൽഹി: സ്ത്രീപീഡകരെയും സ്ത്രീകൾക്കെതിരെ അതിക്രമം കാട്ടുന്നവരെയും സി.പി.എം ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് അടിവരയിട്ട് വ്യക്തമാക്കി മുതിർന്ന സി.പി.എം നേതാവ് പി.കെ. ശ്രീമതി.
സ്ത്രീകൾക്കെതിരെയോ പെൺകുട്ടികൾക്കെതിരെയോ ആര് അതിക്രമം നടത്തിയാലും അവർക്കെതിരെ കർശന നടപടി സ്വീകരിച്ച ചരിത്രമാണ് താൻ പ്രവർത്തിക്കുന്ന പാർട്ടിക്കുള്ളതെന്നും, ആ പാരമ്പര്യം ഉയർത്തിപ്പിടിച്ച് ഭാവിയിലും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും അവർ വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
പാർട്ടിയുടെ അന്തസ്സും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് വ്യക്തമാക്കിയ ശ്രീമതി, “സുരേഷ് ബാബു എന്നല്ല മറ്റാരായാലും സംരക്ഷിക്കില്ല” എന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു.
ആരോപണവിധേയർ ഏത് ഉന്നത സ്ഥാനത്തിരിക്കുന്നവരായാലും സി.പി.എം അവർക്ക് സംരക്ഷണ കവചം ഒരുക്കില്ലെന്നും നിയമപരമായ എല്ലാ നടപടികൾക്കും പാർട്ടി പൂർണ്ണമായി ഒപ്പമുണ്ടാകുമെന്നും അവർ പറഞ്ഞു.
അതേസമയം, സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ സൈബർ ആക്രമണം നടക്കുന്നുണ്ടെന്ന് ശ്രീമതി ചൂണ്ടിക്കാട്ടി. മുതിർന്ന നേതാവ് എ.കെ. ബാലനുമൊത്തുള്ള ഫോട്ടോകൾ ഉൾപ്പെടെ ദുരുപയോഗം ചെയ്തുകൊണ്ട് തനിക്കെതിരെ ചോദ്യങ്ങളും വ്യക്തിഹത്യയും ഉയർത്താനാണ് ചിലർ ശ്രമിക്കുന്നത്.
ഇത്തരം സൈബർ ആക്രമണങ്ങൾ കൊണ്ടൊന്നും തങ്ങളെ നിശബ്ദരാക്കാനോ സത്യസന്ധമായ നിലപാടുകളിൽ നിന്ന് പിന്നോട്ട് മാറ്റാനോ സാധിക്കില്ലെന്നും അവർ വ്യക്തമാക്കി.
“ഇപ്പോള്‍ കേരളത്തിലെ കമ്മിറ്റികളില്‍ പങ്കെടുക്കാറില്ല. ഇവിടെ ഉണ്ടാകാറില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ കുറിച്ച് പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കാന്‍ പോയിട്ടില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറി എന്നോട് പറയും. അല്ലെങ്കില്‍ കമ്മിറ്റിയില്‍ പറയും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് ചോദിച്ചു.
തീവ്രത കുറവാണെന്ന് ശ്രീമതി ടീച്ചര്‍ പറഞ്ഞിട്ടില്ലേ, എന്റെ അനിയത്തിയെ വെല്ലുവിളിച്ച് പറയുകയാണ് എവിടെയെങ്കിലും ഏതെങ്കിലും ഒരുസന്ദര്‍ഭത്തില്‍ ആരോടെങ്കിലും ഇങ്ങനെയൊരു വാക്ക് ഞാന്‍ പറഞ്ഞെന്ന് തെളിയിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?.
പറയാത്ത ഒരു കാര്യം എന്റെ തലയില്‍ വച്ച് എന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്തവര്‍ക്ക് സംരക്ഷണം കൊടുക്കന്നതല്ല എന്റെ പാര്‍ട്ടി”- പികെ ശ്രീമതി പറഞ്ഞു.




