‘കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും’: രാഹുൽ ഗാന്ധി, രാജ്ഘട്ടിലേക്ക് മാർച്ചുമായി ഇന്ത്യ സഖ്യം MPമാർ; ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു | INDIA Alliance
ന്യൂഡൽഹി: എസ് ഐ ആർ ക്രമക്കേടുകൾക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ലക്ഷ്യമിട്ട് പ്രതിപക്ഷ പാർട്ടികളുടെ ‘ഇന്ത്യ’ സഖ്യം പ്രക്ഷോഭം ശക്തമാക്കുന്നു. സമരത്തിന്റെ ഭാഗമായി ഇന്ത്യ സഖ്യത്തിലെ എം.പിമാർ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലേക്ക് സമാധാനപരമായ ധർണയ്ക്കായി മാർച്ച് നടത്തി.(INDIA Alliance MPs Raj Ghat Protest Against CEC Electoral Rolls SIR Controversy)
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് മൂന്നൂറോളം വരുന്ന എം.പിമാർ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, ആർ.ജെ.ഡി എം.പി മനോജ് ഝാ, തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി, സി.പി.ഐ (എം) എം.പി ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിലും തുടർന്നുള്ള സമരത്തിലും പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും ബുദ്ധിയുദിക്കാൻ വേണ്ടി ഗാന്ധി സ്മാരകത്തിൽ പ്രാർത്ഥന നടത്താനാണ് തങ്ങൾ പോകുന്നതെന്ന് മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. മഹത് വ്യക്തികൾ നേടിത്തന്ന വോട്ടവകാശവും സ്വാതന്ത്ര്യവും ബി.ജെ.പി സർക്കാർ തട്ടിയെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ഗ്യാനേഷ് കുമാർ, ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് എന്നിവർ ചേർന്ന് രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിച്ച് ‘വോട്ട് മോഷണം’ നടത്തുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തങ്ങളുടെ സമാധാനപരമായ പ്രതിഷേധങ്ങളെ കേന്ദ്ര സർക്കാർ തടയുകയാണെന്നും എന്നാൽ ഈ കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
INDIA bloc MPs, led by Congress leaders Mallikarjun Kharge and Rahul Gandhi, staged a peaceful protest march towards Delhi’s Raj Ghat against Chief Election Commissioner Gyanesh Kumar over alleged electoral roll irregularities (SIR), with Rahul Gandhi accusing the Union government and the Election Commission of vote theft and violating democratic rights.




