Skip to content
November 19, 2026
⌕

ജിഎസ്ടി നിയമത്തിൽ വൻ മാറ്റങ്ങൾ; അറസ്റ്റ് അധികാരം ഒഴിവാക്കി കൗൺസിൽ, ചെറുകിട വ്യാപാരികൾക്ക് ആശ്വാസം | GST Council

October 8, 2026
Share this post to
GST Council

ന്യൂഡൽഹി: ജിഎസ്ടി നിയമനടപടികളിൽ നിർണായക മാറ്റങ്ങളുമായി ജിഎസ്ടി കൗൺസിൽ (GST Council). ജിഎസ്ടി ഉദ്യോഗസ്ഥർക്ക് അറസ്റ്റ് ചെയ്യാനുള്ള അധികാരം ഒഴിവാക്കുന്നതുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ വ്യാഴാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് പ്രഖ്യാപിച്ചത്.

ജിഎസ്ടി കേസുകളിൽ വിചാരണയ്ക്ക് വിധേയമാകുന്ന തുകയുടെ പരിധി ഒരു കോടിയിൽ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്താനും കൗൺസിൽ തീരുമാനിച്ചു. വിവിധ കുറ്റകൃത്യങ്ങൾക്ക് നിർബന്ധമായും ചുമത്തേണ്ട കുറഞ്ഞ ശിക്ഷയും ഒഴിവാക്കി. പിഴയും തടവുശിക്ഷയും ഒരുമിച്ച് ബാധകമാകേണ്ട കേസുകളിൽ ശിക്ഷ സംബന്ധിച്ച തീരുമാനം കോടതിയുടെ വിവേചനാധികാരത്തിന് വിടാനും തീരുമാനിച്ചിട്ടുണ്ട്.

പ്രത്യേക പിഴ വ്യവസ്ഥയില്ലാത്ത ജിഎസ്ടി നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴ 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറച്ചു. റിട്ടേൺ വൈകി സമർപ്പിക്കൽ, വിവരങ്ങളിൽ പിഴവ് വരുത്തൽ, നികുതി അടയ്ക്കുന്നതിലെ കാലതാമസം തുടങ്ങിയ വീഴ്ചകൾക്ക് ഇനി പലിശയും ആനുപാതിക പിഴയും മാത്രം ഈടാക്കുന്ന രീതിയിലേക്കാണ് മാറ്റം.

ചെറുകിട വ്യാപാരികൾക്കും പുതിയ പരിഷ്കാരങ്ങൾ ആശ്വാസം നൽകുന്നതാണ്. അഞ്ച് കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾക്ക് വർഷത്തിൽ ഒരിക്കൽ മാത്രം റിട്ടേൺ സമർപ്പിച്ചാൽ മതിയാകും.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ വിൽപ്പന നടത്തുന്ന ചെറുകിട വ്യാപാരികൾക്കായുള്ള വ്യവസ്ഥകളും ലളിതമാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലുള്ള ഗോഡൗണുകളെ ബിസിനസ് കേന്ദ്രങ്ങളായി കാണിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളാണ് ലളിതമാക്കിയത്.

അതേസമയം, വിദേശ ഉപഭോക്താക്കൾക്കായി ഇന്ത്യയിൽ നിന്ന് നൽകുന്ന ഗവേഷണം, പരിശോധന, അറ്റകുറ്റപ്പണി തുടങ്ങിയ സേവനങ്ങൾ കയറ്റുമതിയായി പരിഗണിക്കുന്നതിനുള്ള വ്യവസ്ഥകളും കൗൺസിൽ പ്രഖ്യാപിച്ചു. ജിഎസ്ടി നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും ചെറുകിട വ്യാപാരികൾക്ക് അനുസൃതമായ രീതിയിൽ നികുതി സംവിധാനം പരിഷ്കരിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമാണിത്.

Story Summary:
The GST Council has announced major changes, including removing the arrest powers of GST officers and raising the prosecution threshold from ₹1 crore to ₹5 crore. The reforms also provide relief to small businesses through simpler filing requirements, reduced penalties and eased e-commerce compliance rules.

Get more updates from Pudukad News on Google