
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ യു.എം. അബ്ദുൽറഹ്‌മാൻ മൗലവി (86) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി കാസർകോട് ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പതിറ്റാണ്ടുകളോളം കാസർകോട് ജില്ലയിലെ മത-സാമൂഹിക മേഖലകളിൽ സജീവസാന്നിധ്യമായിരുന്ന അദ്ദേഹം സമസ്തയുടെ ആദരണീയനായ പണ്ഡിതനായിരുന്നു.
കാസർകോട് ഉപ്പളയിലെ മണിമുണ്ട സ്വദേശിയായ അദ്ദേഹം മണിമുണ്ട മൗലവി എന്ന പേരിലും അറിയപ്പെട്ടിരുന്നു. അബ്ദുൽഖാദിറിന്റെയും ഖദീജയുടെയും മകനായി 1939 നവംബർ രണ്ടിനായിരുന്നു അബ്ദുറഹ്‌മാൻ മുസ്ലിയാരുടെ ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1963 – 1964 കാലഘട്ടത്തിൽ മൗലവി ഫാളിൽ ബാഖവി വിദ്യാഭ്യാസം നേടിയ അദ്ദേഹം മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, മംഗളൂരു അസ്ഹരിയ്യ കോളേജ്, കരുവൻതിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്, വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്ത് എന്നിവിടങ്ങളിലായിരുന്നു മതപഠനം നടത്തിയത്. സമസ്തയുടെ വിവിധ പോഷക സംഘടനകളുടെ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ അഗാധപാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കളും പണ്ഡിതന്മാരും അനുശോചനം രേഖപ്പെടുത്തി.
Also Read: പ്രിന്റിങ് പ്രസിനുള്ളിൽ യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തു
അദ്ദേഹത്തിന്റെ മൃതദേഹം മണിമുണ്ട മഖാം ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. അദ്ദേഹത്തോടുള്ള ആദരസൂചകമായി കാസർകോട് ജില്ലയിലെ ചില ഭാഗങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പണ്ഡിതൻ എന്നതിലുപരി കാസർകോട്ടെ മുസ്ലിം സമുദായത്തിന്റെ ഐക്യത്തിനും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.
The post പാണ്ഡിത്യത്തിന്റെ നിറകുടം; സമസ്ത നേതാവ് യു.എം. അബ്ദുൽറഹ്‌മാൻ അന്തരിച്ചു appeared first on Express Kerala.



