
മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മോചനത്തിനായി വഴിപാടുകൾ നടത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ്. പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റെജോ വള്ളംകുളമാണ് രാഹുലിന്റെ പ്രതിസന്ധികൾ മാറുന്നതിനായി പള്ളിയിലും ക്ഷേത്രത്തിലും പ്രത്യേക പൂജകൾ നടത്തിയത്. പുതുപ്പള്ളി പള്ളിയിൽ മൂന്നിന്മേൽ കുർബാനയും, നന്നൂർ ദേവി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും ഭാഗ്യസൂക്താർച്ചനയുമാണ് നടത്തിയത്. ഒരു യുവനേതാവ് രാഷ്ട്രീയമായി വേട്ടയാടപ്പെടുമ്പോൾ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും, രാഹുൽ തെറ്റ് ചെയ്തോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നുമാണ് റെജോ വള്ളംകുളത്തിന്റെ നിലപാട്.
അതേസമയം, കേസിലെ അതിജീവിതയെ രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ടെലഗ്രാം സന്ദേശങ്ങൾ പുറത്തുവന്നത് സംഭവത്തിന് പുതിയ മാനം നൽകിയിട്ടുണ്ട്. നീ ചെയ്യാൻ ഉള്ളത് ചെയ്തോളൂ എന്നും ബാക്കി താൻ ചെയ്തോളാം എന്നുമുള്ള കടുത്ത ഭാഷയിലുള്ള സന്ദേശങ്ങളാണ് രാഹുൽ യുവതിക്ക് അയച്ചിരിക്കുന്നത്. പേടിപ്പിക്കാൻ ആരും നോക്കേണ്ടെന്നും, എല്ലാവർക്കും അവരുടെ കുടുംബത്തിനും താൻ തിരിച്ചുകൊടുക്കുമെന്നും സന്ദേശത്തിൽ പറയുന്നു. താൻ മാത്രം മോശക്കാരനാവുന്ന പരിപാടി ഇനി നടക്കില്ലെന്നും, ഇമേജ് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നില്ലെന്നും രാഹുൽ വ്യക്തമാക്കുന്നുണ്ട്.
അതിജീവിതയുടെ ചോദ്യങ്ങൾക്ക് മറുപടിയായി, താൻ എല്ലാ പരിധികളും ലംഘിച്ചു കഴിഞ്ഞെന്നും ഇനി ഒന്നിനും കീഴടങ്ങാൻ ഉദ്ദേശമില്ലെന്നും രാഹുൽ സന്ദേശത്തിൽ പറയുന്നു. പരാതിയുമായി മുന്നോട്ട് പോയാൽ ഒരു കൂട്ടം ആളുകളുമായി വീട്ടിൽ വരുമെന്നും രാഹുൽ ഭീഷണി മുഴക്കുന്നുണ്ട്. കേസ് കോടതിയിൽ വരുമ്പോൾ ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിക്കുന്നു. വാർത്താസമ്മേളനം നടത്തൂ എന്ന് യുവതിയെ വെല്ലുവിളിച്ചുകൊണ്ടാണ് സന്ദേശങ്ങൾ അവസാനിക്കുന്നത്.
വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തുവെന്ന പരാതിയിലാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. ഈ കേസിൽ രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.
The post ‘തെറ്റുണ്ടായോ ഇല്ലയോ എന്നത് പിന്നത്തെ വിഷയം’; രാഹുലിനായി വഴിപാട് നടത്തി യൂത്ത് കോൺഗ്രസ് നേതാവ് appeared first on Express Kerala.



