അയര്‍ലണ്ടില്‍ ഇന്ധനവിലയ്ക്കൊപ്പം പണപ്പെരുപ്പവും വിലക്കയറ്റവും കുതിയ്ക്കുന്നു
ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇന്ധനവിലയ്ക്കൊപ്പം പണപ്പെരുപ്പവും വിലക്കയറ്റവും കുതിയ്ക്കുന്നു.തുടര്‍ച്ചയായ മൂന്നാം മാസവും വിലകള്‍ പിടിതരാതെ പായുകയാണെന്ന് സി എസ് ഒ വെളിപ്പെടുത്തുന്നു.സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്ത നിലയിലേയ്ക്ക് ജീവിതച്ചെലവ് എത്തിയിരിക്കുകയാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തിന്റെ ഫലമായി എണ്ണയുടെ വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഈ വര്‍ദ്ധനവിന് കാരണമാകുന്നത്.മാര്‍ച്ച് മുതല്‍ വൈദ്യുതി,ഗ്യാസ്, ഹോം ഹീറ്റിംഗ് ഓയില്‍ എന്നിവയുടെ വിലകള്‍ കൂടുകയാണ്.മോര്‍ട്ട്ഗേജ് പലിശ നിരക്കുകളും 10 ശതമാനത്തിലധികം ഉയര്‍ന്നു-സി എസ് ഒ ചൂണ്ടിക്കാട്ടുന്നു.വിദ്യാഭ്യാസം (+8.9%), ഗതാഗതം (+7.5%) എന്നിങ്ങനെയും ചെലവുകളില്‍ വര്‍ദ്ധനവുണ്ടായി.
രാജ്യത്തെ വാര്‍ഷിക പണപ്പെരുപ്പം സെപ്തംബറില്‍ 4.1% ആയി ഉയര്‍ന്നെന്നും 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സി എസ് ഒ) ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.ഊര്‍ജ വിലയിലെ ഗണ്യമായ വര്‍ദ്ധനവ് മൂലം സെപ്തംബര്‍ വരെയുള്ള ഉപഭോക്തൃ വിലകളില്‍ 4.1% വര്‍ദ്ധനവുണ്ടായെന്ന് സി എസ് ഒ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.ഓഗസ്റ്റ് വരെയുള്ള വാര്‍ഷിക പണപ്പെരുപ്പം 3.7%മായിരുന്നു.
വൈദ്യുതി, വാതകം, മറ്റ് ഇന്ധനങ്ങള്‍ തുടങ്ങിയ ഊര്‍ജ ഉല്‍പ്പന്നങ്ങളുടെ വില സെപ്റ്റംബറില്‍ 15.3% വര്‍ദ്ധിച്ചതായി സി എസ് ഒ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ഭക്ഷണ സാധനങ്ങളുടെ വിലയില്‍ 0.4% വര്‍ദ്ധനവാണുണ്ടായത്.എന്നാല്‍ അടുത്ത വര്‍ഷം ഭക്ഷ്യ-വിലപ്പെരുപ്പം ഉയരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
കൂടുന്ന ഇന്ധന വിലകള്‍
ഓഗസ്റ്റിലേതില് നിന്ന് സെപ്തംബറില്‍ ഡീസല്‍ വില 5.4% കൂടി. പെട്രോളിന്റെ വിലയില്‍ 4.8% വര്‍ദ്ധനവുമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് യഥാക്രമം 22%, 14% വര്‍ദ്ധനവാണിത്.2022 നവംബറില്‍ 24.7% വര്‍ധിച്ചതിന് ശേഷം ഡീസല്‍ വിലയിലുണ്ടായ ഏറ്റവും വലിയ വാര്‍ഷിക വര്‍ദ്ധനവാണ് ഇപ്പോഴത്തേത്.
2024 മെയ് മാസത്തിന് ശേഷം പെട്രോള്‍ വിലയിലുണ്ടാകുന്ന ഏറ്റവും കുത്തനെയുള്ള വര്‍ദ്ധനവുമാണിത്.2023 മെയ് മാസം വിലയില്‍ 14.5% വര്‍ദ്ധനവുണ്ടായിരുന്നു. സെപ്തംബറില്‍ ഡീസല്‍ ലിറ്ററിന് 2.06 യൂറോയും പെട്രോള്‍ ലിറ്ററിന് 1.96 യൂറോയുമാണ് വില.
അതേസമയം, ഹോം ഹീറ്റിംഗ് ഓയിലിന്റെ വില ഓഗസ്റ്റ് മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ 7.2% ഉയര്‍ന്നു.ഒരു വര്‍ഷത്തിനിടെ 58.6% വര്‍ദ്ധനവാണ് ഇതിലുണ്ടായത്.
തുടര്‍ച്ചയായി മൂന്നാം മാസവും വിലവര്‍ദ്ധനവ് തുടരുകയാണെന്ന് ഇ വൈ അയര്‍ലന്‍ഡ് നിരീക്ഷകന് ഡെര്‍മോട്ട് ഡാലി വിലയിരുത്തുന്നു. ഹൗസിംഗ് എനര്‍ജി, ഗതാഗതം, വിദ്യാഭ്യാസം എന്നിവയിലെ വര്‍ദ്ധനവ് ഏറെ ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇന്ധനം, ഊര്‍ജ്ജം, ഗതാഗതം എന്നിവയിലെ ഉയര്‍ന്ന ചെലവുകള്‍ ബിസിനസ്സുകള്‍ക്കും കുടുംബങ്ങള്‍ക്കും അധിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതാണ്.ഈ വര്‍ഷം ഗാര്‍ഹിക ചെലവ് 2.5% വളരും.ക്രിസ്മസ് അടുക്കുന്നതോടെ ഉപഭോക്തൃ ചെലവ് കൂടുതല്‍ ശക്തമാകുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.




