
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പോലീസിനെതിരെ രൂക്ഷമായ നിയമവിമർശനവുമായി മുൻ ഡിജിപി ടി.പി. സെൻകുമാർ. രാഹുലിന്റെ അറസ്റ്റിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഈ വീഴ്ചകൾ കാരണം രാഹുൽ കേസിൽ നിന്ന് രക്ഷപ്പെടുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. രാഹുലിനെ ‘സൈക്കിക് കോഴി’ എന്ന് പരിഹസിച്ചുകൊണ്ടാണ് സെൻകുമാറിന്റെ കുറിപ്പ് ആരംഭിക്കുന്നത്.
ബലാത്സംഗ പരാതികളിൽ പാലിക്കേണ്ട നിയമപരമായ കാര്യങ്ങൾ പോലീസ് ലംഘിച്ചുവെന്നാണ് സെൻകുമാർ പ്രധാനമായും ആരോപിക്കുന്നത്. അതിജീവിതയുടെ വൈദ്യപരിശോധന നടത്താതെയുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരാതിക്കാരി കാനഡയിൽ നിന്ന് ഇ-മെയിൽ വഴി അയച്ച പരാതി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) വകുപ്പ് 173(1) പ്രകാരം സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Also Read: ബിജെപി പറയുന്നിടത്തെല്ലാം മുഖ്യമന്ത്രി ഒപ്പിട്ടു നൽകുന്നു; കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്
കൂടാതെ, ബിഎൻഎസ്എസ് വകുപ്പ് 184(1) പ്രകാരം കേസ് എടുത്ത് 24 മണിക്കൂറിനകം അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയോട് നേരിട്ട് നടത്തുന്ന സങ്കടം പറച്ചിലുകൾ എങ്ങനെയാണ് ക്രിമിനൽ നടപടിയായി മാറുന്നതെന്ന് ചോദിച്ച സെൻകുമാർ, ഈ കേസിൽ പോലീസ് കാട്ടിയത് അനാവശ്യ ധൃതിയാണെന്നും വിമർശിച്ചു.
The post രാഹുൽ രക്ഷപ്പെടും, പോലീസ് കാട്ടിയത് വൻ വീഴ്ച; അറസ്റ്റിൽ പോലീസിനെ കുടഞ്ഞ് ടി.പി. സെൻകുമാർ appeared first on Express Kerala.



