സിബിഎസ്ഇ ജില്ലാ കലോത്സവത്തിൽ തിളങ്ങി ദി വൈറ്റ് സ്കൂൾ; നേടിയത് 25 ഒന്നാം സ്ഥാനങ്ങൾ | The White School Kadalundi

Current: മലയാളം

കടലുണ്ടി നഗരം: സെൻട്രൽ സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവത്തിൽ മികച്ച നേട്ടവുമായി കടലുണ്ടി നഗരം ദി വൈറ്റ് സ്കൂൾ (The White School Kadalundi). ഊരകം സെന്റ് അൽഫോൻസാ പബ്ലിക് സ്കൂളിൽ നടന്ന കലോത്സവത്തിൽ 25 ഒന്നാം സ്ഥാനങ്ങളും 27 രണ്ടാം സ്ഥാനങ്ങളും 56 മൂന്നാം സ്ഥാനങ്ങളും നേടിയാണ് സ്കൂൾ ശ്രദ്ധേയമായ വിജയം കൈവരിച്ചത്.
ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി മൂവായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ താരതമ്യേന കുറച്ച് മത്സരാർത്ഥികളുമായാണ് ദി വൈറ്റ് സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചത്.
സർഗധാര സെമിസ്റ്റേജ് മത്സരങ്ങളിൽ എല്ലാ കാറ്റഗറികളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടാൻ സ്കൂളിന് കഴിഞ്ഞു. സ്റ്റേജ് ഇനങ്ങളിൽ കാറ്റഗറി ഒന്നിൽ ഒന്നാം സ്ഥാനവും കാറ്റഗറി രണ്ടിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കാറ്റഗറി മൂന്നിൽ 435 പോയിന്റും കാറ്റഗറി നാലിൽ 339 പോയിന്റും സ്കൂൾ നേടി.
മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ പ്രസംഗം, പദ്യപാരായണം, കഥ, കവിത, ഉപന്യാസ രചന, ചിത്രരചന തുടങ്ങിയ ഇനങ്ങളിലും വിദ്യാർത്ഥികൾ മികവ് തെളിയിച്ചു. ലളിതഗാനം, മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങിയ സംഗീത-ദൃശ്യകലാ മത്സരങ്ങളിലും ഒന്നാം സ്ഥാനമുൾപ്പെടെയുള്ള നേട്ടങ്ങൾ സ്വന്തമാക്കി.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും മികച്ച പരിശീലനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Story Summary: The White School, Kadalundi Nagaram, achieved an impressive result at the Central Sahodaya CBSE District Arts Festival held at St Alphonsa Public School, Oorakam. The school secured 25 first places, 27 second places and 56 third places across various literary, artistic and performing arts competitions.






