തിരംഗ മാർച്ചിന് മുൻപ് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ് | Abhijeet Dipke detained

Current: മലയാളം

ന്യൂഡൽഹി: കൊക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ പതാക ഉയർത്തുന്നതിനായി പാർട്ടി പ്രഖ്യാപിച്ച തിരംഗ മാർച്ചിന് മുന്നോടിയായാണ് നടപടി. അഭിജീത് ദിപ്കെയുമായി പോലീസ് എവിടേക്കാണ് പോയത് എന്ന് വ്യക്യതമല്ല. തിരംഗ മാർച്ചിന് പോകാൻ വേണ്ടി വീട്ടിൽ നിന്നും പുറത്ത് ഇറങ്ങിയതോടെയാണ് പോലീസ് ദിപ്കെയെ കസ്റ്റഡിയിലെടുത്തത്. കൂടെയുണ്ടായിരുന്ന പ്രവർത്തകർ തടയുവാൻ ശ്രമിച്ചുവെങ്കിലും പോലീസ് നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. (Abhijeet Dipke detained)
ഡൽഹിയിലെ കൊണാട്ട് പ്ലേസിലുള്ള സെൻട്രൽ പാർക്കിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ദേശീയ പതാക ഉയർത്താനായിരുന്നു ദിപ്കെയുടെ ആഹ്വാനം. പാർട്ടി നേതാക്കളായ സൗരവ് ദാസിനെയും ആശുതോഷ് റാങ്കയെയും കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചായിന്നു മാർച്ച് പ്രഖ്യാപിച്ചത്. ഇരുവരെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. മാർച്ചിന് അനുമതി നൽകിയിട്ടില്ലെന്നും പ്രദേശത്ത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) 163-ാം വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങൾ നിലവിലുണ്ടെന്നും ഡൽഹി പൊലീസ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. അനുമതിയില്ലാതെ മാർച്ച് നടത്തുകയോ ജനക്കൂട്ടം സംഘടിപ്പിക്കുകയോ ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.
ദേശീയ പതാക ഉയർത്തുന്നത് കുറ്റമല്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും ദിപ്കെ നേരത്തേ വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലെടുത്തതിന്റെ സാഹചര്യങ്ങളും തുടർനടപടികളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Summary: CJP founder Abhijeet Dipke was reportedly detained by Delhi Police ahead of the party’s planned Tricolour march at Connaught Place. The action follows police warnings that the gathering lacked permission and that prohibitory restrictions were in force in the area.






