ബംഗ്ലാദേശിലെ ബീച്ച് റിസോർട്ടിലെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനയ്ക്ക് ശേഷം വിട്ടുനൽകും. കോക്സ് ബസാറിലെ മൂന്നുനില റിസോർട്ട് പൂർണ്ണമായി കത്തിനശിച്ചു. രക്ഷപ്പെട്ടത് ഏതാനും പേർ മാത്രം

Current: മലയാളം

ധാക്ക: തെക്കുകിഴക്കൻ ബംഗ്ലാദേശിലെ പ്രശസ്തമായ കോക്സ് ബസാർ ജില്ലയിൽ കടൽത്തീരത്തുള്ള വിനോദസഞ്ചാര റിസോർട്ടിലുണ്ടായ വൻ തീപിടിത്തത്തിൽ പത്ത് പേർ ദാരുണമായി മരിച്ചു. ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച പുലർച്ചെ മറൈൻ ഡ്രൈവിലെ പടുവാർടെക് ബീച്ചിന് സമീപം ഇനാനിയിലുള്ള ‘ടുപ്ടുപ് റെസ്റ്റോ ആൻഡ് റിസോർട്ട്’ എന്ന മൂന്നുനില റിസോർട്ടിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
പ്രധാനമായും മുളയും മരവും ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടമായതിനാൽ നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും റിസോർട്ട് പൂർണ്ണമായും ചാമ്പലാകുകയുമായിരുന്നു.
രാവിലെ 6.30-ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് ഫയർ സർവീസ് അധികൃതർ വ്യക്തമാക്കി. ആളുകൾ ഉറക്കത്തിലായിരുന്ന സമയത്താണ് അപകടമുണ്ടായത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. അഗ്നിരക്ഷാ സേനാംഗങ്ങൾ മണിക്കൂറുകളോളം പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഇതുവരെ ആറുപേരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് കണ്ടെടുത്തതായി കോക്സ് ബസാർ ഡെപ്യൂട്ടി കമ്മീഷണർ എ. മന്നാൻ അറിയിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തവിധം കത്തിക്കരിഞ്ഞ നിലയിലായതിനാൽ ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ച ശേഷം മാത്രമേ ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റവരെ കോക്സ് ബസാർ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഞ്ചുപേർക്ക് ശരീരത്തിന്റെ അഞ്ച് ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റതായി ആശുപത്രി റസിഡന്റ് മെഡിക്കൽ ഓഫീസർ സബുക്തഗിൻ മഹ്മൂദ് സൊഹേൽ അറിയിച്ചു.
റിസോർട്ടിന് മുകളിൽനിന്ന് താഴേക്ക് ചാടിയതിനെ തുടർന്ന് പരിക്കേറ്റ മറ്റൊരാൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. തീപിടിത്തമുണ്ടാകുമ്പോൾ റിസോർട്ടിൽ മുപ്പതോളം പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇതിൽ ഏതാനും പേർ അത്ഭുതകരമായി ഓടി രക്ഷപ്പെട്ടെങ്കിലും ബാക്കിയുള്ളവരെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.






