അങ്കിത ഭണ്ഡാരി വധക്കേസിൽ ആരോപണവിധേയനായ ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറാക്കിയതിൽ പ്രതിഷേധം. ജന്തർ മന്തറിൽ മെഴുകുതിരി കത്തിച്ച് എൻ.എസ്.യു.ഐ പ്രവർത്തകരുടെ മാർച്ച്. പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു, റോഡിൽ കുത്തിയിരുന്നും സമരം. സി.ബി.ഐ അന്വേഷണം പൂർത്തിയാകുംവരെ നിയമനം തടയണമെന്ന് ആവശ്യം

Current: മലയാളം

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കോളിളക്കം സൃഷ്ടിച്ച അങ്കിത ഭണ്ഡാരി വധക്കേസിൽ ആരോപണം നേരിടുന്ന ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചതിനെതിരെ തലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു.
കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐയുടെ (NSUI) നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ നൂറുകണക്കിന് പ്രവർത്തകർ മെഴുകുതിരി കത്തിച്ച് വൻ പ്രതിഷേധ മാർച്ച് നടത്തി.
മാർച്ച് പാർലമെന്റ് സ്ട്രീറ്റിലേക്ക് കടക്കാൻ ശ്രമിച്ചതോടെ വൻ പോലീസ് സന്നാഹം ബാരിക്കേഡുകൾ നിരത്തി പ്രവർത്തകരെ തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.
അങ്കിത ഭണ്ഡാരി കൊലപാതകത്തിൽ ദുഷ്യന്ത് ഗൗതമിനെതിരെയുള്ള സി.ബി.ഐ അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹത്തെ ഭരണഘടനാ പദവിയിൽ നിയമിക്കരുതെന്നും ഉത്തരവ് പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ ഡൽഹി ഇന്ത്യാ ഗേറ്റിൽ നീതി ആവശ്യപ്പെട്ട് ധർണ നടത്തിയിരുന്നു. ഈ സമരത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നേരിട്ടെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ ദുഷ്യന്ത് ഗൗതമിന്റെ ഗവർണർ നിയമനം അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്.
2022 സെപ്റ്റംബറിലാണ് ഋഷികേശിലെ വനന്തര റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 19-കാരിയായ അങ്കിത ഭണ്ഡാരി ദാരുണമായി കൊല്ലപ്പെടുന്നത്. കാണാതായി നാല് ദിവസത്തിന് ശേഷം ചില്ല കനാലിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
കേസിൽ മുൻ ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകനും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യ ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാൽ റിസോർട്ടിലെത്തിയ ഒരു ‘വി.ഐ.പി’ക്ക് അവിഹിത സേവനം നൽകാൻ വിസമ്മതിച്ചതിനാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന ഗുരുതര ആരോപണം തുടക്കം മുതലേ ഉയർന്നിരുന്നു.
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡിന്റെ സംഘടന ചുമതലയുമുണ്ടായിരുന്ന ദുഷ്യന്ത് കുമാർ ഗൗതമാണ് ആ വി.ഐ.പി എന്ന ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.






