നേഹാ സിങ് റാത്തോഡിനെതിരെ വ്യാജ വാർത്ത ചമച്ച എ.ബി.പി നെറ്റ്‌വർക്ക് ഒടുവിൽ മാപ്പുപറഞ്ഞു. വെറുമൊരു സോറി കൊണ്ട് തീരില്ലെന്ന് തുറന്നടിച്ച നേഹാ മാപ്പപേക്ഷ തള്ളി. മാധ്യമസ്ഥാപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപനം. സ്വഭാവഹത്യ നടത്തി നിശബ്ദയാക്കാനുള്ള ശ്രമമെന്നും ആക്ഷേപം

Current: മലയാളം

ന്യൂഡൽഹി: ഗായിക നേഹാ സിങ് റാത്തോഡിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംപ്രേഷണം ചെയ്ത വ്യാജവാർത്തയിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് മാപ്പുപറഞ്ഞ് എ.ബി.പി നെറ്റ്‌വർക്ക് (ABP Network). എന്നാൽ മാധ്യമസ്ഥാപനത്തിന്റെ മാപ്പപേക്ഷ സ്വീകരിക്കാൻ നേഹാ സിങ് റാത്തോഡ് തയ്യാറായില്ല.
തന്റെ വ്യക്തിത്വത്തിനും അന്തസ്സിനും വരുത്തിവെച്ച ആഘാതത്തിന് വെറുമൊരു മാപ്പപേക്ഷ പകരമാവില്ലെന്നും സ്ഥാപനത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കോടതിയിൽ നിയമപോരാട്ടം നടത്തുമെന്നും അവർ വ്യക്തമാക്കി.
ഒരു ഹോസ്റ്റൽ കേന്ദ്രീകരിച്ച് നടന്നുവെന്ന് പറയപ്പെടുന്ന സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടിലാണ് എ.ബി.പി ന്യൂസിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം യാതൊരു ബന്ധവുമില്ലാത്ത നേഹാ സിങ് റാത്തോഡിന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയത്. റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ രൂക്ഷമായ ഭാഷയിലാണ് ഗായിക പ്രതികരിച്ചത്.
ഭരണകൂടത്തോടും അധികാര കേന്ദ്രങ്ങളോടും നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുന്ന സ്വതന്ത്ര ശബ്ദങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കാനും സ്വഭാവഹത്യ നടത്താനുമുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് അവർ ആരോപിച്ചു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും കടുത്ത ജനരോഷം ഉയരുകയും ചെയ്തതോടെ എ.ബി.പി നെറ്റ്‌വർക്ക് വാർത്ത തങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പിൻവലിച്ചു.
വാർത്ത പൂർണ്ണമായും വസ്തുതാവിരുദ്ധമായിരുന്നുവെന്ന് ഔദ്യോഗിക ‘X’ (ട്വിറ്റർ) അക്കൗണ്ടിലൂടെ സമ്മതിച്ച സ്ഥാപനം, ഉണ്ടായ വീഴ്ചയിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്നും മാപ്പ് അപേക്ഷിക്കുന്നുവെന്നും അറിയിക്കുകയായിരുന്നു.
‘യു.പി മേ കാ ബാ?’ ഉൾപ്പെടെയുള്ള വിപ്ലവകരമായ രാഷ്ട്രീയ ആക്ഷേപഹാസ്യ ഗാനങ്ങളിലൂടെ രാജ്യവ്യാപക ശ്രദ്ധ നേടിയ നേഹാ സിങ് റാത്തോഡ്, ലഖിംപൂർ ഖേരി, കാൺപൂർ ദുരന്തങ്ങൾ എന്നിവയെ ആസ്പദമാക്കി പാട്ടുകൾ പാടിയതിന് മുൻപും പോലീസ് നോട്ടീസുകൾ നേരിട്ടിട്ടുണ്ട്.
മാധ്യമപ്രവർത്തനത്തിലെ ഇത്തരം വഴിവിട്ട വിചാരണകൾക്കും ഉത്തരവാദിത്തമില്ലായ്മയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടം തുടരുമെന്നാണ് ഗായികയുടെ ഉറച്ച നിലപാട്.






