ഫ്രാൻസിൽ ആഭ്യന്തര കലാപം രൂക്ഷം: ചരിത്ര സ്മാരകങ്ങൾക്കടക്കം തീയിട്ടു; 1200 ലധികം പേർ അറസ്റ്റിൽ | France Protest

Current: മലയാളം

പാരീസ്: ജീവിതച്ചെലവ് വർദ്ധിക്കുന്നതിലും പൊതുസേവന മേഖലയിലെ തകർച്ചയിലും പ്രതിഷേധിച്ച് ഫ്രാൻസിൽ ഉടലെടുത്ത ജനകീയ പ്രക്ഷോഭങ്ങൾ വൻ അക്രമസംഭവങ്ങളിലേക്ക് വഴിമാറി. പതിറ്റാണ്ടുകൾക്കിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ അക്രമങ്ങൾക്കാണ് ശനിയാഴ്ച ഫ്രഞ്ച് നഗരങ്ങൾ സാക്ഷ്യം വഹിച്ചത്. ലക്ഷക്കണക്കിന് ആളുകൾ സമാധാനപരമായി തെരുവിൽ അണിനിരന്നപ്പോൾ, തീവ്ര നിലപാടുകാരായ ഒരു സംഘം പൊതുമുതലുകളും ആഡംബര കടകളും ആക്രമിക്കുകയും തീയിടുകയും ചെയ്തു.(France Protest, Cost Of Living Protests Turn Violent Over 1200 Arrested)
ലിമോഗെസിലെ സിറ്റി ഹാളിന് അക്രമികൾ തീയിട്ടു. മാർസെയ്ലിലെ സിറ്റി ഹാളിൽ ഇരച്ചുകയറിയ പ്രതിഷേധക്കാർ കെട്ടിടം വികൃതമാക്കുകയും ലിയോണിലെ ടൂറിസ്റ്റ് ഓഫീസ് കത്തിക്കുകയും ചെയ്തു. പാരീസിൽ പോലീസിനു നേരെ കല്ലേറും കടകൾ കൊള്ളയടിക്കലും നടന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 1,200 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രക്ഷോഭത്തിൽ 5.5 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചപ്പോൾ എട്ടുലക്ഷത്തോളം പേർ പങ്കെടുത്തതായാണ് ട്രേഡ് യൂണിയനുകൾ അവകാശപ്പെടുന്നത്.
അക്രമത്തിലൂടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അനുവദിക്കില്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു വ്യക്തമാക്കി. അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ചിലർ നടത്തുന്ന രാഷ്ട്രീയ നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉറപ്പുനൽകി. അക്രമങ്ങളിൽ 150 ലധികം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം, പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ കണ്ണീർവാതക പ്രയോഗത്തിലും ബലപ്രയോഗത്തിലും വ്യാപക വിമർശനം ഉയരുന്നുണ്ട്. ഗ്രനേഡ് പൊട്ടിത്തെറിച്ച് ഒരു കൗമാരക്കാരന് കൈ നഷ്ടപ്പെട്ടതടക്കം പോലീസിന്റെ ക്രൂരതയുമായി ബന്ധപ്പെട്ട് രണ്ട് ഡസനോളം പരാതികളിൽ അന്വേഷണം നടക്കുന്നുണ്ട്. ഫ്രാൻസിന് പുറമെ ബൽജിയം, പോർച്ചുഗൽ, ഇറ്റലി, അൽബേനിയ തുടങ്ങിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും ജീവിതച്ചെലവ് വർദ്ധനവിനെതിരെയുള്ള ജനരോഷം പടരുകയാണ്.
Story Summary
Rioting erupted across France as protests against rising living costs spiraled out of control, leading to over 1,200 arrests and widespread property damage. While hundreds of thousands marched peacefully, violent groups attacked police and torched public buildings, with similar cost-of-living protests spreading to Belgium, Italy, Portugal, and Albania.






