പെരുമാട്ടി പഞ്ചായത്ത് ഔദ്യോഗിക ജീപ്പ് ദുരുപയോഗം ചെയ്തതായി പരാതി. മംഗളൂരു നഗരത്തിലൂടെ പായുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സുമേഷ് അച്യുതൻ എം.എൽ.എ. സെക്രട്ടറിയുടെ അനുമതിയില്ലാതെ യാത്രയെന്ന് ആക്ഷേപം. കണ്ണൂരിലെത്തിയപ്പോൾ അടിയന്തര മെഡിക്കൽ ആവശ്യത്തിന് പോയതെന്ന് പ്രസിഡന്റിന്റെ വിശദീകരണം

Current: മലയാളം

പാലക്കാട്: ചിറ്റൂർ മണ്ഡലത്തിലെ പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതായി കാണിച്ച് സ്ഥലം എം.എൽ.എ സുമേഷ് അച്യുതൻ രംഗത്ത്.
പഞ്ചായത്തിന്റെ ഔദ്യോഗിക ജീപ്പ് കർണാടകയിലെ മംഗളൂരു നഗരത്തിലൂടെ കടന്നുപോകുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടാണ് എം.എൽ.എ ഗുരുതരമായ ആക്ഷേപം ഉന്നയിച്ചത്.
അതിർത്തി കടന്ന് കർണാടകയിലെ മംഗളൂരുവിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് ഔദ്യോഗിക വാഹനവുമായി എന്തിനാണ് പോയതെന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ഐ.എസ്.ജെ.ഡി (ജനതാദൾ) ഭരിക്കുന്ന പഞ്ചായത്താണ് പെരുമാട്ടി.
ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഇത്തരം ദൂരയാത്രകൾക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ മുൻകൂർ അനുമതി ആവശ്യമാണെന്നിരിക്കെ, ഈ യാത്രയ്ക്ക് സെക്രട്ടറിയുടെ യാതൊരുവിധ അനുമതിയും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.
അതേസമയം, ആരോപണങ്ങൾക്ക് മറുപടിയുമായി പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് രംഗത്തെത്തി. ഔദ്യോഗിക ആവശ്യങ്ങൾക്കായി കണ്ണൂരിൽ എത്തിയ സമയത്ത് പെട്ടെന്നുണ്ടായ അടിയന്തര മെഡിക്കൽ ആവശ്യത്തെത്തുടർന്നാണ് മംഗളൂരുവിലേക്ക് പോകേണ്ടി വന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
എന്നാൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി സംസ്ഥാനത്തിന് പുറത്തേക്ക് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിൽ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പരാതി നൽകാൻ ഒരുങ്ങുകയാണ്.






