ബംഗളൂരുവിൽ വാടകത്തർക്കത്തെ തുടർന്ന് അഭിഭാഷകനെ വെടിവച്ചുകൊന്നു. മുറിയുടെ വാതിൽ തുറന്നപ്പോൾ നെറ്റിയിൽ വെടിയുതിർത്തു. പ്രതികൾക്കായി ബംഗളൂരു പൊലീസ് അന്വേഷണം ഊർജിതമാക്കി

Current: മലയാളം

ബംഗളൂരു: ബംഗളൂരുവിൽ വാടകത്തർക്കത്തെ തുടർന്ന് അഭിഭാഷകനെ വെടിവച്ചുകൊന്നു. പട്ടന്ദൂർ സ്വദേശി മഞ്ജുനാഥ് (42) ആണ് കൊല്ലപ്പെട്ടത്. മഞ്ജുനാഥിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നവരാണ് പ്രതികളെന്ന് ബംഗളൂരു പൊലീസ് പറഞ്ഞു. ഇവർ ഓൺലൈൻ ഡെലിവറി ജീവനക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വാടക നൽകാത്തതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ തർക്കം നിലനിന്നിരുന്നു. കൃത്യം നടക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുമ്പാണ് മഞ്ജുനാഥ് വാടക ചോദിച്ച് വീട്ടിൽ എത്തുന്നത്.
തുടർന്ന് വാടകക്കാരും അഭിഭാഷകനും തമ്മിൽ സംഘർഷമുണ്ടായി. വാക്കേറ്റത്തിനൊടുവിൽ വാടകക്കാർ മഞ്ജുനാഥിനു നേരെ വെടിയുതിർക്കുകയായിരുന്നു.
രാത്രി 11.30ഓടെ അക്രമികൾ മഞ്ജുനാഥ് താമസിക്കുന്ന മുറിയുടെ വാതിലിൽ മുട്ടി. വാതിൽ തുറന്ന മഞ്ജുനാഥിന്റെ നെറ്റിയിലേക്ക് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. നാടൻ തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നു. ഇത് ബംഗളൂരുവിലേക്ക് കടത്തിയതായും പൊലീസ് സംശയിക്കുന്നു.






