കിം ജോങ് ഉൻ മരിച്ചെന്ന അഭ്യൂഹം; പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ

Current: മലയാളം

പ്യോങ്യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഔദ്യോഗിക മാധ്യമങ്ങൾ.
മസ്തിഷ്കാഘാതത്തെ തുടർന്ന് കിം ഗുരുതരാവസ്ഥയിലാണെന്നും പിന്നീട് മരിച്ചെന്നുമായിരുന്നു പ്രചാരണം.
ചൈനയിൽനിന്ന് ഡോക്ടർമാരുടെ സംഘം എത്തിയെന്നും 9,000 സൈനികരെ ഉത്തരകൊറിയയിലേക്ക് അയച്ചെന്നും അവകാശവാദങ്ങളുണ്ടായെങ്കിലും ഇവയ്ക്ക് വിശ്വസനീയമായ തെളിവുകളോ ഔദ്യോഗിക സ്ഥിരീകരണമോ ലഭിച്ചിരുന്നില്ല.
ഉത്തരകൊറിയൻ ഔദ്യോഗിക പത്രമായ റോഡോങ് സിൻമുൻ പുറത്തുവിട്ട ചിത്രങ്ങളിൽ കടകൾ സന്ദർശിക്കുകയും ഉൽപ്പന്നങ്ങൾ പരിശോധിക്കുകയും ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്യുന്ന കിമ്മിനെയാണ് കാണുന്നത്.
അതേസമയം, ചിത്രങ്ങൾ പുറത്തുവന്നതുകൊണ്ടുമാത്രം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പൂർണമായി സ്ഥിരീകരിക്കാനാകില്ല.
കിം ജോങ് ഉന്നിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയരുന്നത് ഇതാദ്യമല്ല. 2020-ലും അദ്ദേഹം മരിച്ചെന്ന തരത്തിൽ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു.
മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനും കടുത്ത നിയന്ത്രണങ്ങളുള്ള ഉത്തരകൊറിയൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ ലംഘനങ്ങൾ, രാഷ്ട്രീയ അടിച്ചമർത്തൽ, തടങ്കൽപ്പാളയങ്ങളിലെ പീഡനങ്ങൾ തുടങ്ങിയ ആരോപണങ്ങളും അന്താരാഷ്ട്ര തലത്തിൽ ഉയർന്നിട്ടുണ്ട്.






