പാകിസ്ഥാനിൽ ഉദ്യോഗസ്ഥരുടെ വിദേശത്തേക്കുള്ള കുടിയേറ്റം; ആശങ്കയുയർത്തി പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് | Khawaja Asif Bureaucratic Exodus Allegations

Current: മലയാളം

പാകിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നതിനിടെ തന്നെ വിദേശരാജ്യങ്ങളിൽ സ്ഥിരതാമസത്തിനുള്ള ഒരുക്കങ്ങൾ നടത്തിയെന്ന ആരോപണവുമായി പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. കാനഡ, അമേരിക്ക, ബ്രിട്ടൻ, പോർച്ചുഗൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഉദ്യോഗസ്ഥർ കുടിയേറുന്നതിനെ ‘ബ്യൂറോക്രാറ്റിക് എക്സോഡസ്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇവരുടെ രാജ്യത്തോടുള്ള പ്രതിബദ്ധതയെക്കുറിച്ചും ചോദ്യങ്ങളുയർത്തി. (Khawaja Asif Bureaucratic Exodus Allegations)
കഴിഞ്ഞ ഏതാനും വർഷങ്ങളായി പാകിസ്ഥാനിലെ സിവിൽ സർവീസിലെ നിരവധി ഉദ്യോഗസ്ഥർ വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയെന്നാണ് ആസിഫിന്റെ ആരോപണം. പാകിസ്ഥാൻ സർക്കാരിൽ ജോലി ചെയ്യുന്നതിനിടെ തന്നെ ആസൂത്രിതമായി വിദേശത്തേക്കുള്ള നീക്കങ്ങൾ നടത്തിയെന്നാണ് അദ്ദേഹം എക്സിലെ കുറിപ്പിൽ ആരോപിച്ചത്. എന്നാൽ, ആരോപണങ്ങൾക്ക് തെളിവായി രേഖകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. പോർച്ചുഗൽ ഇത്തരം ഉദ്യോഗസ്ഥരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി മാറിയെന്നും ആസിഫ് ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് പേരുകൾ ഉയർന്ന ഉദ്യോഗസ്ഥർ പ്രധാന പദവികൾ വഹിച്ചിരുന്നവരും വിവിധ സർക്കാരുകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരുമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഉദ്യോഗസ്ഥർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കാൻ സഹായിച്ച ഒരാൾ വലിയ തുക കൈപ്പറ്റിയശേഷം രാജ്യം വിട്ടതായും മന്ത്രി ആരോപിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വ്യക്തികളുടെ പേരുകളോ കൂടുതൽ തെളിവുകളോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
വിദേശത്തേക്ക് കുടിയേറാൻ ശ്രമിച്ച ഉദ്യോഗസ്ഥരുടെ രാജ്യത്തോടുള്ള വിശ്വസ്തതയെക്കുറിച്ചും ആസിഫ് സംശയമുന്നയിച്ചു. ഔദ്യോഗിക പദവികളിലിരിക്കെ സമ്പത്ത് സമാഹരിക്കാൻ ലഭിച്ച അവസരങ്ങൾ ഉപയോഗിച്ചവരാണോ ഇവരെന്നും, പാകിസ്ഥാനെ താൽക്കാലിക ഇടത്താവളമായി മാത്രമാണോ കണ്ടതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, പാകിസ്ഥാനിലെ സിവിൽ ഭരണസംവിധാനത്തിൽ സൈന്യത്തിനുള്ള വർധിച്ച സ്വാധീനത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് ഈ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് സൈനിക മേധാവി അസിം മുനീറിന്റെ പിന്തുണ നിർണായകമാണെന്നാണ് രാഷ്ട്രീയ നിരീക്ഷണം. രാജ്യത്തെ ജനാധിപത്യ-ഭരണഘടനാ സ്ഥാപനങ്ങളിൽ സൈന്യത്തിന്റെ സ്വാധീനം വർധിക്കുന്നതായുള്ള വിമർശനങ്ങളും ഇതിനിടെ ശക്തമാണ്.
Summary: Pakistan Defence Minister Khawaja Asif has alleged that several bureaucrats planned to settle abroad while still serving in government positions. He questioned their commitment to Pakistan and raised concerns about alleged immigration-related payments, without presenting documentary evidence. The remarks come amid debate over the military’s growing influence in Pakistan’s governance.






