
‘ഫാലിമി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ എന്റർടെയ്‌നറിൽ മമ്മൂട്ടി നായകനാകുന്നു. ഒരു പക്കാ കൊമേഴ്‌സ്യൽ ആക്ഷൻ മൂവിയായി ഒരുങ്ങുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയും കാവ്യ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള ആവേശകരമായ പുതിയ വിവരങ്ങൾ സംവിധായകൻ നിതീഷ് സഹദേവ് തന്നെയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
‘കഥ കേട്ടപ്പോൾ തന്നെ മമ്മൂക്ക ഓക്കെ പറഞ്ഞു’
ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ മമ്മൂട്ടിക്ക് അത് ഏറെ ഇഷ്ടപ്പെട്ടുവെന്നും മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിരിക്കും ഇതെന്നും നിതീഷ് പറഞ്ഞു. “കഥ പറഞ്ഞപ്പോൾ തന്നെ മമ്മൂക്കയ്ക്ക് അത് കണക്ട് ആയി. ഇനി ഒരു റീഡിങ് കൂടി കഴിഞ്ഞ് ഷൂട്ടിംഗിലേക്ക് കടക്കാനാണ് പ്ലാൻ. ആക്ഷൻ എന്റർടെയ്‌നർ ആണെങ്കിലും പുതിയൊരു ശൈലി പരീക്ഷിക്കാനാണ് ശ്രമിക്കുന്നത്,” സംവിധായകൻ വ്യക്തമാക്കി.
തനി തിരുവനന്തപുരം സ്ലാങ്ങിൽ ഗ്യാങ്സ്റ്റർ മമ്മൂട്ടി
കേരള-തമിഴ്‌നാട് അതിർത്തി പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സിനിമയിൽ ഒരു ലോക്കൽ ഗ്യാങ്സ്റ്റർ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏറെ കാലത്തിന് ശേഷം മമ്മൂട്ടി പൂർണ്ണമായും ‘തിരുവനന്തപുരം സ്ലാങ്’ കൈകാര്യം ചെയ്യുന്ന സിനിമ കൂടിയായിരിക്കും ഇത്. പക്കാ ഫൺ-ആക്ഷൻ എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൽ നായികയില്ല എന്നതും ശ്രദ്ധേയമാണ്. പകരം ഒൻപത് വയസ്സുള്ള ഒരു പെൺകുട്ടിയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ.
മെയ് മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കും
ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുകയാണ്. മെയ് മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. വിഷ്ണു വിജയ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
അതേസമയം, നിതീഷ് സഹദേവ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘തലൈവർ തമ്പി തലൈമയിൽ’ ജനുവരി 15-ന് റിലീസ് ചെയ്യും. ജീവ നായകനാകുന്ന ഈ ചിത്രം ഒരു കോമഡി ഫാമിലി ഡ്രാമയാണ്. ഈ ചിത്രത്തിന് ശേഷമാകും മമ്മൂട്ടി പ്രൊജക്റ്റിലേക്ക് നിതീഷ് പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
The post ഇടിപ്പൂരത്തിന് മമ്മൂക്ക റെഡി; നിതീഷ് സഹദേവ് ചിത്രത്തിൽ ‘ഗ്യാങ്സ്റ്റർ’ ലുക്കിൽ മെഗാസ്റ്റാർ appeared first on Express Kerala.



