സ്വർണ്ണത്തിന്റെയും വെള്ളിയുടെയും തിളക്കത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നിക്ഷേപകർ ഇനി ചെമ്പിലേക്കും ഒന്ന് കണ്ണോടിക്കുന്നത് നന്നായിരിക്കും. 2025-ൽ കമ്മോഡിറ്റി വിപണിയിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ചെമ്പ്, 2026-ലും നിക്ഷേപകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെയും (EV) ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (AI) കുതിച്ചുചാട്ടം ചെമ്പിന്റെ ഡിമാൻഡ് വർദ്ധിപ്പിച്ചതാണ് ഈ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന രഹസ്യം.
കഴിഞ്ഞ വർഷം ഓഹരി വിപണിയിലെ സൂചികയായ നിഫ്റ്റിയെപ്പോലും കടത്തിവെട്ടുന്ന പ്രകടനമാണ് ചെമ്പ് കാഴ്ചവെച്ചത്. മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (MCX) 2025-ൽ മാത്രം ചെമ്പ് വിലയിൽ 50 ശതമാനത്തോളം വർദ്ധനവാണുണ്ടായത്. കിലോയ്ക്ക് 796 രൂപയായിരുന്ന വില 1,197 രൂപ വരെ ഉയർന്നത് നിക്ഷേപകരെ അമ്പരപ്പിച്ചു.
എന്തുകൊണ്ടാണ് ചെമ്പ് ഇത്ര പ്രിയപ്പെട്ടതാകുന്നത്?
ഭാവിയിലെ സാങ്കേതിക വിദ്യകൾക്കെല്ലാം ചെമ്പ് അനിവാര്യമാണ്. ഇലക്ട്രിക് വാഹനങ്ങൾ, സോളാർ പ്ലാന്റുകൾ, പവർ ഗ്രിഡുകൾ, വമ്പൻ ഡേറ്റാ സെന്ററുകൾ എന്നിവയിലെല്ലാം ചെമ്പ് വലിയ തോതിൽ ഉപയോഗിക്കുന്നു. എന്നാൽ ഇതിനനുസരിച്ച് ആഗോളതലത്തിൽ ഉൽപ്പാദനം വർദ്ധിക്കാത്തത് വില ഇനിയും ഉയരാൻ കാരണമാകും. 2026 ജനുവരി ആദ്യവാരം രാജ്യാന്തര വിപണിയിൽ ടണ്ണിന് 13,000 ഡോളറിനടുത്താണ് വില.
Also Read: ബസുമതി മുതൽ മട്ട വരെ; ലോകത്തിന്റെ തീൻമേശ കീഴടക്കാൻ ഇന്ത്യ! കയറ്റുമതിയിൽ 19% വർദ്ധനവ്
ഇന്ത്യക്കാർക്ക് എങ്ങനെ നിക്ഷേപിക്കാം?
ഫണ്ട് ഓഫ് ഫണ്ട്‌സ്: വിദേശത്തെ കോപ്പർ ഫണ്ടുകളിൽ പണം മുടക്കുന്ന ഇന്ത്യൻ മ്യൂച്വൽ ഫണ്ട് സ്കീമുകൾ വഴി സാധാരണക്കാർക്ക് എളുപ്പത്തിൽ നിക്ഷേപിക്കാം.
വിദേശ ഫണ്ടുകൾ: ആർബിഐയുടെ എൽആർഎസ് (LRS) പദ്ധതി വഴി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് കോപ്പർ ഇൻഡക്‌സ് ഫണ്ട് പോലുള്ളവയിൽ നേരിട്ട് നിക്ഷേപം നടത്താം.
മൈനിംഗ് ഇടിഎഫുകൾ: ചെമ്പ് ഖനനം നടത്തുന്ന ആഗോള കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളും തിരഞ്ഞെടുക്കാവുന്നതാണ്.
നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കാൻ: കൈയിലുള്ള തുകയുടെ 5 മുതൽ 10 ശതമാനം വരെ മാത്രം ഇത്തരത്തിലുള്ള കമ്മോഡിറ്റി നിക്ഷേപങ്ങൾക്കായി മാറ്റിവെക്കുന്നതാണ് സുരക്ഷിതം. ആഗോള വിപണിയിലെ മാറ്റങ്ങൾ വിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടാക്കാമെന്നതിനാൽ കൃത്യമായ പഠനത്തിന് ശേഷം മാത്രം നിക്ഷേപം നടത്തുക.
The post സ്വർണ്ണത്തെയല്ല, ഇനി ചെമ്പിനെ വിശ്വസിക്കാം; നിക്ഷേപകർക്ക് ‘സെമ്പ്’ നൽകുന്നത് വൻ ലാഭം appeared first on Express Kerala.



