ലക്ഷങ്ങൾ മുടങ്ങി വാങ്ങിയ രണ്ട് ലോറികൾ ഗുരുവായൂർ നഗരസഭ ടൗൺഹാൾ വളപ്പിൽ കട്ടപ്പുറത്ത്.

അമൃത് പദ്ധതിയിൽ 27 ലക്ഷം രൂപ നൽകി വാങ്ങിയ സീവേജ് ക്ലീനിങ് ലോറിയും, 15 ലക്ഷം രൂപയുടെ 12,000 ലിറ്റർ കുടിവെള്ള ടാങ്കർ ലോറിയുമാണ് കഴിഞ്ഞ മൂന്ന് വർഷമായി ഉപയോഗിക്കാതെ തുരുമ്പെടുക്കുന്നത്. മാലിന്യ സംസ്കരണ പ്ലാന്റിനെതിരെയുള്ള ശക്തമായ എതിർപ്പും, കുടിവെള്ള ലോറിക്ക് ഇടുങ്ങിയ വഴികളിലൂടെ പോകാൻ കഴിയാത്തതുമാണ് വാഹനങ്ങൾ ഉപയോഗശൂന്യമാകാൻ കാരണം.
നഗരസഭ പരിധിയിലെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശുചിമുറി മാലിന്യം ശേഖരിച്ച് ചക്കംകണ്ടം ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ച് സംസ്കരിക്കുന്നതിനാണ് സീവേജ് ലോറി വാങ്ങിയത്. ഇതിനെതിരെ പ്രദേശവാസികളുടെയും സിപിഐയുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിക്കും ഇപ്പോഴത്തെ എൽഡിഎഫ് ഭരണസമിതിക്കും പദ്ധതി നടപ്പാക്കാനായില്ല. തുടർന്ന് വാഹനം മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറാൻ അമൃത് അധികൃതർ നിർദ്ദേശിച്ചെങ്കിലും വാഹനം ഉപയോഗിക്കുന്നുണ്ടെന്നാണ് നഗരസഭ റിപ്പോർട്ട് നൽകിയത്. കുടിവെള്ള ടാങ്കർ ലോറി വലുപ്പം കൂടുതലായതിനാൽ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കാൻ കഴിയാത്തതാണ് ഉപയോഗിക്കാത്തതിന് കാരണം. ഇതുമൂലം നിലവിൽ സ്വകാര്യ വാഹനങ്ങൾ വാടകക്കെടുത്താണ് നഗരസഭ കുടിവെള്ള വിതരണം നടത്തുന്നത്. ഇതിനായി ലക്ഷങ്ങൾ വാടകയിനത്തിൽ നൽകേണ്ടി വരുന്നുണ്ട്.






