
ശബരിമലയിലെ കട്ടിളപ്പാളിയും ദ്വാരപാലക ശില്പങ്ങളും കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കനത്ത തിരിച്ചടി. ദ്വാരപാലക ശില്പ മോഷണക്കേസിൽ തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൊല്ലം വിജിലൻസ് കോടതി അനുമതി നൽകി. നിലവിൽ കോടതിയുടെ കസ്റ്റഡിയിലുള്ള തന്ത്രിയെ ഈ കേസിൽ കൂടി പ്രതി ചേർക്കണമെന്ന എസ്‌ഐടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
കട്ടിളപ്പാളി കേസിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 19-ലേക്ക് മാറ്റി വെച്ചു. കേസിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും വിശദമായ വാദം കേൾക്കണമെന്നുമുള്ള അന്വേഷണ സംഘത്തിന്റെ നിലപാട് പരിഗണിച്ചാണ് കോടതി നടപടി. എസ്‌ഐടി സമർപ്പിക്കുന്ന റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും തന്ത്രിയുടെ ജാമ്യകാര്യത്തിൽ കോടതി അന്തിമ തീരുമാനം കൈക്കൊള്ളുക.
Also Read: വീണ്ടും തിരിച്ചടി; രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വിട്ടു
സന്നിധാനത്തുനിന്നും കട്ടിളപ്പാളിയും ദ്വാരപാലക ശില്പവും കൊണ്ടുപോകുമ്പോൾ തന്ത്രി അവിടെ സന്നിഹിതനായിരുന്നുവെന്നും, അതിനാൽ അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നുമാണ് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയത്. അതീവ സുരക്ഷാ മേഖലയിൽ നിന്ന് ശില്പങ്ങൾ കടത്തിയതിൽ തന്ത്രിയുടെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും എസ്‌ഐടി ആവശ്യപ്പെട്ടു. കോടതിയുടെ പുതിയ ഉത്തരവോടെ തന്ത്രിയുടെ അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാൻ അന്വേഷണ സംഘത്തിന് വഴിതുറന്നിരിക്കുകയാണ്. കേസിൽ എ പത്മകുമാറിനെ 14 ദിവകാശത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
The post തന്ത്രിക്ക് കുരുക്ക് മുറുകുന്നു! അറസ്റ്റ് രേഖപ്പെടുത്താൻ കോടതി അനുമതി; ജാമ്യാപേക്ഷ മാറ്റിവെച്ചു appeared first on Express Kerala.



