ഏഷ്യൻ പാരാ ഗെയിംസ് റിക്കർവ് ആർച്ചറിയിൽ ഇന്ത്യയ്ക്ക് പൊൻതിളക്കം; പുരുഷന്മാരുടെ ഡബിൾസിൽ ചൈനയെ തകർത്ത് ഹർവിന്ദർ സിംഗ് – വിജയ് സുന്ദി സഖ്യത്തിന് സ്വർണം, വനിതാ വിഭാഗത്തിൽ വെള്ളി

Current: മലയാളം

ടോക്കിയോ: ഏഷ്യന്‍ പാരാ ഗെയിംസിലെ റിക്കര്‍വ് ആര്‍ച്ചറി വിഭാഗത്തില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടം. പുരുഷന്മാരുടെ ഡബിള്‍സ് വിഭാഗത്തില്‍ പാരലിമ്പിക് ചാമ്പ്യന്‍ ഹര്‍വിന്ദര്‍ സിംഗും കന്നിപ്പോരാട്ടത്തിനിറങ്ങിയ വിജയ് സുന്ദിയും അടങ്ങിയ ഇന്ത്യന്‍ സഖ്യം സ്വര്‍ണം കരസ്ഥമാക്കി.
ജപ്പാനിലെ ഒകാസാക്കി ചുഓ സോ ഗോ പാര്‍ക്ക് സ്ക്വയറില്‍ നടന്ന വാശിയേറിയ കലാശപ്പോരാട്ടത്തില്‍ ചൈനയുടെ യുന്‍ ദുവോ – ഷാവോ ലിക്സൂ സഖ്യത്തെ 5-1 എന്ന സെറ്റ് പോയിന്റുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യന്‍ ജോഡി സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കിയത്.
തുടക്കത്തില്‍ ഒപ്പത്തിനൊപ്പം പോരാടിയ ചൈനീസ് സഖ്യത്തിനെതിരെ മികച്ച കൃത്യതയോടെയും സ്ഥിരതയോടെയും അമ്പെയ്ത് അവസാന രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്.
അതേസമയം വനിതാ വിഭാഗം ഡബിള്‍സില്‍ പോരാടിയ ഇന്ത്യയുടെ ഭാവന ചൗധരി – പൂജ ജാത്യാന് സഖ്യം വെള്ളി മെഡലുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫൈനലില്‍ ചൈനയുടെ ഗാവോ സിഹാന്‍ – വാങ് ക്സുക്വിയാന് സഖ്യത്തോട് 0-6 എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്.
മിക്സഡ് ഡബിള്‍സ് സെമിഫൈനലില്‍ ഹര്‍വിന്ദര്‍ സിംഗും ഭാവനയും അടങ്ങിയ ഇന്ത്യന്‍ സഖ്യം ചൈനയോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇനി ഇറാന്റെ സഖ്യത്തിനെതിരെ വെങ്കല മെഡലിനായി മത്സരിക്കും.
2024 പാരിസ് പാരലിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണ്ണം നേടിയ ഹര്‍വിന്ദര്‍ സിംഗിന് ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ മറ്റൊരു പൊന്‍തൂവല്‍കൂടിയായി ഈ വിജയം.






