ഏഷ്യൻ പാരാ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ഇരട്ട വെള്ളി തിളക്കം; വനിതകളുടെ ലോംഗ് ജമ്പിൽ നിമിഷ ചക്കങ്ങൽപറമ്പിലിനും 1500 മീറ്ററിൽ പ്രമോദ് ബിജാർണിയയ്ക്കും വെള്ളി മെഡൽ

Current: മലയാളം

നാഗോയ: ഏഷ്യന്‍ പാരാ ഗെയിംസ് അത്ലറ്റിക്സില് ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ തിളക്കം. വെള്ളിയാഴ്ച നടന്ന വനിതകളുടെ ലോംഗ് ജമ്പ് T47 വിഭാഗത്തില്‍ ഇന്ത്യയുടെ നിമിഷ ചക്കങ്ങല്പറമ്പിലും, പുരുഷന്മാരുടെ 1500 മീറ്റര്‍ T46 വിഭാഗത്തില്‍ പ്രമോദ് ബിജാര്ണിയയും വെള്ളി മെഡലുകള്‍ സ്വന്തമാക്കി.
നാ ഗോയ സിറ്റി മിസുഹോ പാര്‍ക്ക് അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 5.37 മീറ്റര്‍ ദൂരം ചാടിയാണ് നിമിഷ വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. 5.52 മീറ്റര്‍ ദൂരത്തോടെ പുതിയ ഗെയിംസ് റെക്കോര്‍ഡ് കുറിച്ച ശ്രീലങ്കയുടെ ധനഞ്ജന വിക്രമസിംഗ സ്വര്‍ണ്ണവും, 5.17 മീറ്റര്‍ ചാടിയ ചൈനയുടെ ചെന്‍ ജിന്‍ വെങ്കലവും നേടി.
പുരുഷന്മാരുടെ 1500 മീറ്ററില്‍ 4:09.65 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് പ്രമോദ് ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേട്ടം ആവര്‍ത്തിച്ചത്. 4:03.25 മിനിറ്റില്‍ പുതിയ ഗെയിംസ് റെക്കോര്‍ഡോടെ ഫിനിഷ് ചെയ്ത ശ്രീലങ്കയുടെ പൂവക്പിതികാണ്ഡെ സ്വര്‍ണ്ണവും, ഫിലിപ്പീന്‍സിന്റെ കിംഗ് ജെയിംസ് റെയസ് വെങ്കലവും നേടി.
കയ്യ്ക്ക് വൈകല്യമുള്ള കായികതാരങ്ങള്‍ മത്സരിക്കുന്ന വിഭാഗങ്ങളിലാണ് ഇരുവരുടെയും നേട്ടം. അതേസമയം, പുരുഷന്മാരുടെ ഡിസ്കസ് ത്രോ F11 ഫൈനലില്‍ 30.64 മീറ്റര്‍ എറിഞ്ഞ ഇന്ത്യന്‍ താരം പ്രവീണ്‍ ശര്‍മ്മയ്ക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈ വിഭാഗത്തില്‍ സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും ഇറാന് താരങ്ങള്‍ തൂത്തുവാരി.






