
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയതാരം സോണിയ അഗർവാൾ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഗിഫ്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. കാതൽ കൊണ്ടൈൻ, 7G റൈൻബോ കോളനി, പുതുപെട്ടൈ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം ഈ സിനിമയിൽ കരുത്തുറ്റ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് എത്തുന്നത്. ലൈംഗികാതിക്രമത്തിന് ഇരയായ ശേഷം അസാമാന്യമായ ദൃഢനിശ്ചയത്തോടെ തന്റെ ഔദ്യോഗിക ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു ഉദ്യോഗസ്ഥയുടെ കഥയാണ് ചിത്രം പറയുന്നത്. പാ പാണ്ഡ്യൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം, നിരവധി സങ്കീർണ്ണമായ കേസുകൾ തെളിയിച്ച ഉദ്യോഗസ്ഥ തന്റെ വ്യക്തിജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കുന്നു എന്നതാണ് പ്രമേയമാക്കിയിരിക്കുന്നത്.
പി.പി സിനിമാസിന്റെ ബാനറിൽ സംവിധായകൻ പാ പാണ്ഡ്യൻ തന്നെ നിർമ്മാണം നിർവ്വഹിക്കുന്ന ‘ഗിഫ്റ്റ്’ എന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രം ഒക്ടോബർ 31-ന് തിയറ്ററുകളിലെത്തും. വടിവേലു, കമലകണ്ണൻ എന്നിവർ സഹനിർമ്മാതാക്കളായ ഈ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് സാൻഹ സ്റ്റുഡിയോയാണ്. സോണിയ അഗർവാളിനെ കൂടാതെ ബിർള ബോസ്, സൂപ്പർ ഗുഡ് സുബ്രഹ്മണി, ക്രെയിൻ മനോഹർ, ശശി ലയ, രേഖ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഹമര സി.വി സംഗീതവും രാജദുരൈ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രം ഒക്ടോബർ അവസാന വാരം പ്രേക്ഷകരിലേക്ക് എത്തും.
The post സോണിയ അഗർവാൾ കരുത്തുറ്റ പോലീസ് വേഷത്തിൽ; പുതിയ ചിത്രം ‘ഗിഫ്റ്റ്’ റിലീസിനൊരുങ്ങുന്നു appeared first on Express Kerala.



