
തിരുവനന്തപുരം: വരുമാനത്തിൽ ജൈത്രയാത്ര തുടർന്ന് കെഎസ്ആർടിസി. ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന പ്രതിദിന കളക്ഷൻ കഴിഞ്ഞ ദിവസം കെഎസ്ആർടിസി സ്വന്തമാക്കി. 11.71 കോടി രൂപയാണ് ഏകദിന വരുമാനമായി ലഭിച്ചത്. ഇതിൽ 10.89 കോടി രൂപ ടിക്കറ്റ് വരുമാനത്തിലൂടെയും 81.55 ലക്ഷം രൂപ ടിക്കറ്റിതര വരുമാനത്തിലൂടെയുമാണ് സമാഹരിച്ചത്.
2026 ജനുവരി 5-ന് നേടിയ 13.01 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വരുമാനം. ഈ നേട്ടം കൈവരിച്ച് ഒരാഴ്ച തികയും മുൻപേയാണ് റെക്കോർഡ് വരുമാനത്തിന് തൊട്ടടുത്തെത്തുന്ന മികച്ച നേട്ടം വീണ്ടും സ്വന്തമാക്കിയത്. 2024 ഡിസംബറിൽ 7.8 കോടി രൂപയായിരുന്ന ശരാശരി വരുമാനം, 2025 ഡിസംബറിൽ 8.34 കോടിയായും 2026 ജനുവരിയിൽ 8.86 കോടിയായും ഉയർന്നു.
Also Read: പാനൂരിൽ പെൺകുട്ടി കുഴഞ്ഞു വീണ് മരിച്ചു
പുതിയ ബസുകളുടെ വരവ്, സേവനങ്ങളിലെ ഗുണപരമായ മാറ്റം, കാലോചിതമായ പരിഷ്കാരങ്ങൾ എന്നിവ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിച്ചതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും സഹായസഹകരണങ്ങളും മാനേജ്‌മെന്റിന്റെ കൃത്യമായ ആസൂത്രണവുമാണ് ഈ വൻ മുന്നേറ്റത്തിന് പിന്നിലെന്നും, പുതിയ ബസുകളുടെ വരവും ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ടെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
The post കെഎസ്ആർടിസിക്ക് കുതിപ്പ്; രണ്ടാമത്തെ ഉയർന്ന കളക്ഷൻ നേടി ആനവണ്ടി, വരുമാനം 11.71 കോടി appeared first on Express Kerala.



