28,000 കോടി രൂപയുടെ രാജ്യവ്യാപക സൈബർ തട്ടിപ്പും ഡിജിറ്റൽ അറസ്റ്റ് റാക്കറ്റും; പ്രമുഖ അഭിഭാഷകനെ മുംബൈ വിമാനത്താവളത്തിൽ നിന്ന് ഇ.ഡി അറസ്റ്റ് ചെയ്തു

Current: മലയാളം

പനാജി: 28,000 കോടി രൂപയുടെ രാജ്യവ്യാപക സൈബര്‍ തട്ടിപ്പും ‘ഡിജിറ്റല്‍ അറസ്റ്റ്’ റാക്കറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രമുഖ അഭിഭാഷകനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കവെ റാഷേഷ് ഉപാധ്യായ എന്ന റാഷേഷ് ഷായെയാണ് ഇ.ഡി ഗോവ സോണല്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.
കസ്റ്റംസ്, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പിടികൂടിയ ഇയാളെ പനാജിയിലെ പ്രത്യേക പി.എം.എല്‍.എ കോടതിയില്‍ ഹാജരാക്കി ഒക്ടോബര്‍ 29 വരെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. കേസിലെ ഏഴാമത്തെ അറസ്റ്റാണിത്.
ഗോവ സ്വദേശിയായ സ്ത്രീയെ ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി 2.60 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഗോവ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.
തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിക്കുമ്പോള്‍, സ്വകാര്യ പണമിടപാട് ശൃംഖലകള്‍ വഴി ഉദ്യോഗസ്ഥര്‍ക്ക് കോഴപ്പണം നല്കി അക്കൗണ്ടുകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുന്ന പ്രധാന കണ്ണിയാണ് അറസ്റ്റിലായ അഭിഭാഷകനെന്ന് ഇ.ഡി കോടതിയില്‍ വ്യക്തമാക്കി.
രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി 160-ലധികം എഫ്.ഐ.ആറുകളുമായി ബന്ധപ്പെട്ട കിടക്കുന്നതാണ് ഈ തട്ടിപ്പ് ശൃംഖല. 400 വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴി തട്ടിയെടുത്ത പണം വിദേശ കറന്‍സിയാക്കി മാറ്റിയതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.






