
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അപ്രതീക്ഷിത വഴിത്തിരിവുകൾ സൃഷ്ടിച്ചുകൊണ്ട് ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി നിലയുറപ്പിച്ചിരിക്കുന്ന രണ്ട് എൻസിപി വിഭാഗങ്ങൾ കൈകോർക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും സംയുക്തമായി മത്സരിക്കാൻ തീരുമാനിച്ചതോടെ എൻസിപിയിൽ ലയനസാധ്യതകൾ തെളിയുന്നതായാണ് റിപ്പോർട്ടുകൾ. പൂനെ, പിംപ്രി ചിഞ്ച്വാഡ് കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ അജിത് പവാർ പക്ഷവും ശരദ് പവാർ പക്ഷവും ഒന്നിച്ച് നീങ്ങാൻ ധാരണയിലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എൻസിപി (ശരദ് പവാർ) വിഭാഗം നേതാവ് സുപ്രിയ സുലെയും ഉപമുഖ്യമന്ത്രി അജിത് പവാറും സംയുക്ത പ്രകടന പത്രിക പുറത്തിറക്കുകയും ചെയ്തു.
ജനുവരി 15-ന് സംസ്ഥാനത്തെ 29 മുൻസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പിന് ശേഷം പാർട്ടി പ്രവർത്തകരുമായി ആലോചിച്ച് ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്ന അജിത് പവാറിന്റെ പ്രസ്താവന ലയന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാനും വോട്ട് വിഹിതം വർദ്ധിപ്പിക്കാനുമാണ് ഇത്തരമൊരു നീക്കമെന്നാണ് അദ്ദേഹം നൽകുന്ന ഔദ്യോഗിക വിശദീകരണം.
Also Read: എല്ലാ സ്ഥാനങ്ങളും പാർട്ടി നൽകി; ഐഷ പോറ്റി ചെയ്തത് ‘വർഗവഞ്ചനയെന്ന്’ മേഴ്സിക്കുട്ടിയമ്മ
തൽക്കാലം വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിലാണ് ശ്രദ്ധയെന്നും നേതാക്കളുമായി കൂടിയാലോചിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കൂ എന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിയും ശിവസേനയും മുൻപ് പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ വെവ്വേറെ മത്സരിച്ച ചരിത്രമുണ്ടെന്നും അതിനാൽ ഈ സഖ്യത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നും അജിത് പവാർ കൂട്ടിച്ചേർത്തു.
സംസ്ഥാനം ഭരിക്കുന്ന മഹായുതി സർക്കാരിനുള്ളിൽ അസ്വസ്ഥതകൾ പുകയുന്നതിനിടയിലാണ് പവാർ കുടുംബം വീണ്ടും ഒന്നിക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്. 2023 ജൂലൈയിൽ പാർട്ടി പിളർത്തി അജിത് പവാർ ബിജെപിയോടൊപ്പം ചേർന്നത് ദേശീയതലത്തിൽ തന്നെ വലിയ വാർത്തയായിരുന്നു. തുടർന്ന് ഔദ്യോഗിക ചിഹ്നമായ ‘ക്ലോക്ക്’ അജിത് പവാർ വിഭാഗത്തിന് ലഭിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ശരദ് പവാർ വിഭാഗവുമായി ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനം മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങൾ അടിമുടി മാറ്റാൻ സാധ്യതയുള്ളതാണ്.
The post മഹാരാഷ്ട്രയിൽ രാഷ്ട്രീയ ബോംബ്! തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരു എൻസിപികളും ഒന്നിച്ച്; ലയന സൂചന നൽകി അജിത് പവാർ appeared first on Express Kerala.



