ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പുല്ലൂർ മഠത്തിക്കര സ്വദേശി പോലീസിൻ്റെ പിടിയിൽ

ഇരിങ്ങാലക്കുട : കനാൽ ബേസ് സ്വദേശിയായ സ്റ്റോജോ എന്ന യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി അറസ്റ്റിലായി. പുല്ലൂർ മഠത്തിക്കര സ്വദേശി കുഴിക്കണ്ടത്തിൽ വീട്ടിൽ ഷെരീഫ് (43) ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബർ 29ന് വൈകീട്ട് ആറര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കനാൽബേസിലെ വീടിനു സമീപം വെച്ച് സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ട് നിൽക്കുകയായിരുന്ന സ്റ്റോജോയെ പ്രതിയായ ഷെരീഫ് തടഞ്ഞു നിർത്തി ആക്രമിക്കുകയാണ് ഉണ്ടായത്.
പരാതിക്കാരൻ തന്റെ മാമന്റെ വീട്ടിൽ പോകുന്നുണ്ടെന്ന തെറ്റിദ്ധാരണ മൂലമുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. “നീ എന്തിനാടാ എന്റെ മാമന്റെ വീട്ടിൽ പോയത് ?” എന്ന് ചോദിച്ചുകൊണ്ട് കൈകൊണ്ടും കരിങ്കല്ല് കഷണം കൊണ്ടും പ്രതി സ്റ്റോജോയെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എടതിരിഞ്ഞിയിലുള്ള ബന്ധുവിന്റെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
അറസ്റ്റിലായ ഷെരീഫ് ഇരിഞ്ഞാലക്കുട കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കൊലപാതക കേസിലും മൂന്ന് വധശ്രമ കേസുകളിലും, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും, 6 അടിപിടി കേസുകളിലും ഉൾപ്പെടെ ആകെ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്. ഒ. കെ. ഓ. പ്രദീപ്, എസ്.ഐമാരായ ഇ. യു. സൗമ്യ, ജാക്സൺ, ഗ്രേഡ് സീനിയർ സി.പി.ഓ. മാരായ വിജോഷ്, മനോജ്, സി.പി.ഒ മാരായ ഉമേഷ്, മിഥുൻ, കൃഷ്ണദാസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടകൂടിയത്





