ഥാർ വാങ്ങാൻ അമ്മാവൻ്റെ വീട്ടിൽ നിന്ന് സ്വർണം കവർന്നു: വാഹനം പൂജിക്കാൻ അമ്മാവനെത്തന്നെ ക്ഷണിച്ച് 19കാരൻ, ഒടുവിൽ അറസ്റ്റിൽ! | Youth Steals Uncles Gold

Current: മലയാളം

മഹാരാഷ്ട്ര: ഥാർ വാങ്ങാനുള്ള ആഗ്രഹത്തിൽ സ്വന്തം അമ്മാവന്റെ വീട്ടിൽ നിന്ന് 15 പവനോളം സ്വർണം കവർന്ന 19-കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലെ പൻഹാല താലൂക്കിൽപെട്ട സതാവെ ഗ്രാമത്തിലാണ് സംഭവം. പുതിയ കാർ വീട്ടിലെത്തിച്ച ശേഷം വാഹനം പൂജിക്കാനായി ഇയാൾ സ്വന്തം അമ്മാവനെത്തന്നെ ക്ഷണിച്ചതാണ് കേസിൽ വഴിത്തിരിവായത്.(Youth Steals Uncles Gold To Buy Thar Invites Him For Puja Arrested)
സമർ ചവാൻ എന്ന യുവാവാണ് കവർച്ച നടത്തിയത്. അയൽവാസിയും അമ്മാവനുമായ ഉമേഷ് മാരുതി ചവാന്റെ വീട്ടിൽ നിന്നാണ് ഒരു മാസം മുൻപ് സമർ സ്വർണം കവർന്നത്. തുടർന്ന് പ്രാദേശിക സ്വർണക്കടക്കാരനായ സംഗ്രാം ബാബാസോ മോറെയുടെ സഹായത്തോടെ ഇത് 10 ലക്ഷം രൂപയ്ക്ക് വിൽക്കുകയും ആ തുക ഉപയോഗിച്ച് പുതിയ ഥാർ വാഹനം വാങ്ങുകയുമായിരുന്നു.
പുതിയ കാറുമായി വീട്ടിലെത്തിയ സമർ, വാഹനം പൂജിക്കാനുള്ള ചടങ്ങിലേക്ക് അമ്മാവനായ ഉമേഷിനെയും ക്ഷണിച്ചു. പൂജയിൽ പങ്കെടുക്കാനായി അണിയാൻ സ്വർണാഭരണങ്ങൾ തിരഞ്ഞപ്പോഴാണ് തന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ഉമേഷ് അറിയുന്നത്. പരിശോധനയിൽ വീട്ടിലുണ്ടായിരുന്ന മുത്തശ്ശിയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്നും, ഉമേഷിന്റെയും ഭാര്യയുടെയും സ്വർണം മാത്രമാണ് മോഷണം പോയതെന്നും വ്യക്തമായി. ഇതോടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ആരോ ആണ് കവർച്ചയ്ക്ക് പിന്നിലെന്ന് സംശയം ഉയർന്നു.
തുടർന്ന് രണ്ടു ദിവസം മുൻപ് ഉമേഷ് കൊഡോളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് അന്വേഷിച്ച പോലീസ്, സാധാരണക്കാരനായ സമർ പെട്ടെന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന പുതിയ കാർ വാങ്ങിയതിലെ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പോലീസ് പിടിമുറുക്കിയതോടെ സമർ കുറ്റം സമ്മതിച്ചു. സംഭവത്തിൽ സമർ ചവാനെയും സ്വർണം വാങ്ങിയ വ്യാപാരി സംഗ്രാം മോറെയെയും കൊഡോളി പോലീസ് അറസ്റ്റ് ചെയ്തു.
Story Summary
A 19-year-old youth named Samar Chavan from Maharashtra’s Kolhapur was arrested for stealing 15 tolas of gold from his uncle’s house to buy a Mahindra Thar. The theft was uncovered after Samar invited the uncle to perform a puja for the new vehicle, leading the uncle to discover the missing jewellery and report it to the police.






