തൊഴിലിടങ്ങൾ നഷ്ടമാകും! മാനുഷികശേഷിയെ മറികടക്കുന്ന “എഐ’ സാമ്പത്തിക മേഖലയ്ക്കു വൻ തിരിച്ചടിയാകുമോ..?

Current: മലയാളം

മാനുഷികശേഷികളെയും ചിന്തയെയും മറികടന്ന്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നമ്മുടെ തൊഴിലിടങ്ങളെയും ജീവിതരീതികളെയും എങ്ങനെ ബാധിക്കും എന്ന ചർച്ചയാണ് ഇപ്പോൾ സജീവമാകുന്നത്. മനുഷ്യൻറെ ബുദ്ധിശക്തിയും ശാരീരിക അധ്വാനവും ആവശ്യമുള്ള എല്ലാ ജോലികളിലേക്കും നിർമിത ബുദ്ധിയുടെ കടന്നുവരവ് വലിയ മാറ്റങ്ങൾക്കാണു തുടക്കമിട്ടിരിക്കുന്നത്.
ഓർമശക്തി, സർഗാത്മകത, തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയ മാനുഷികശേഷികളെ അതിവേഗത്തിൽ മറികടക്കാനും അനുകരിക്കാനും ഇന്ന് എഐ-ക്ക് കഴിയുന്നുണ്ട്. ഭൗതികമായ ജോലികളിൽ റോബോട്ടുകൾ മനുഷ്യനേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കുമ്പോൾ, വൈജ്ഞാനിക മേഖലകളിൽ അതിവേഗത്തിലുള്ള ഡാറ്റാ പ്രോസസിങ്ങിലൂടെ നിർമിത ബുദ്ധി ആധിപത്യം സ്ഥാപിക്കുകയാണ്.
വരുംകാലങ്ങളിൽ മുഖ്യധാരയിലേക്ക് എഐ വ്യാപിക്കുന്പോൾ തൊഴിലവസരങ്ങൾ കുറയുമെന്നു വാസ്തവമാണ്. പല കമ്പനികളും നിർമിത ബുദ്ധിയെ ജോലികളിൽ പങ്കാളിയാക്കാൻ തുടങ്ങിക്കഴിഞ്ഞു.
നമ്മൾ ആശയങ്ങൾ രൂപീകരിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുമ്പോൾ, അവ പ്രാവർത്തികമാക്കുന്നത് എഐ ഏറ്റെടുക്കുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. എന്നാൽ യഥാർഥത്തിൽ വലിയൊരു വിഭാഗം ജോലികളും ഈ നടപ്പിലാക്കൽ ഘട്ടത്തിലാണ് നിലനിൽക്കുന്നത് എന്നത് തൊഴിൽ മേഖലയെ പ്രതികൂലമായി ബാധിച്ചേക്കാം.
ഈ മാറ്റങ്ങൾ സമ്പദ്വ്യവസ്ഥയെയും വലിയ രീതിയിൽ സ്വാധീനിക്കും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് കമ്പനികൾ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്പോൾ, തൊഴിലില്ലായ്മ കാരണം ജനങ്ങളുടെ കൈയിൽ പണം ഇല്ലാതായാൽ അതു വിപണിയെയും പ്രതികൂലമായി ബാധിക്കും. അതിനാൽ സാമ്പത്തികമേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമായി വരും.
സാങ്കേതിക ലോകത്തെ ഒരു ആറ്റംബോംബ് പോലെയാണ് പല വിദഗ്ധരും എഐ-യെ കാണുന്നത്. നിർമിത ബുദ്ധിയുടെ അനിയന്ത്രിതമായ വളർച്ച മനുഷ്യൻറെ നിലനിൽപ്പിനുതന്നെ വെല്ലുവിളിയാകാതിരിക്കാൻ കൃത്യമായ നിയന്ത്രണങ്ങളും നയങ്ങളും രൂപീകരിക്കേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഭരണാധികാരികളുടെയും ഉത്തരവാദിത്തമാണ്.
സാങ്കേതിക വിദ്യയുടെ ഈ വലിയ കുതിച്ചുചാട്ടം മനുഷ്യരാശിയെ എങ്ങനെയൊക്കെ ബാധിക്കുമെന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.






