ഇരിങ്ങാലക്കുട കേന്ദ്രമായി ജില്ല രൂപീകരിക്കണം : പ്രമേയം പാസാക്കി നഗരസഭ കൗൺസിൽ ; സ്വാഗതം ചെയ്ത് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം നഗരസഭ കൗൺസിൽ യോഗം ഐക്യകണ്ഠേന പാസാക്കിയതിനെ സ്വാഗതം ചെയ്ത് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതി. ഇതു സംബന്ധിച്ചത് വികസന സമിതി നഗരസഭ ചെയർമാൻ എം.പി. ജാക്സന് നിവേദനം നൽകിയിരുന്നു.
ഇരിങ്ങാലക്കുട ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഒരുലക്ഷം പേർ ഒപ്പിടുന്ന ഭീമ ഹർജിയുടെ ഒപ്പുശേഖരണം അന്തിമഘട്ടത്തിലാണ്.
ഇരിങ്ങാലക്കുട ജില്ലാ ആസ്ഥാനമാകുമ്പോൾ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതടക്കം റെയിൽവേ സ്റ്റേഷന് വൻ വികസനമുണ്ടാകുമെന്നാണ് വികസനസമിതിയുടെ വിശ്വാസം.
യോഗത്തിൽ പ്രസിഡന്റ് വർഗീസ് പന്തലൂക്കാരൻ അധ്യക്ഷത വഹിച്ചു.
വർക്കിംഗ് പ്രസിഡന്റ് അഡ്വ. കെ.എഫ്. ജോസ്, സെക്രട്ടറി സോമൻ ശാരദലായം, വൈസ് പ്രസിഡന്റുമാരായ ഡേവിസ് തുളുവത്ത്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ജോയിൻ്റ് സെക്രട്ടറി ഡേവിസ് എടപ്പിള്ളി, ജോസ് കുഴിവേലി, കുമാരൻ കൊട്ടാരത്തിൽ, ശശി ശാരദലായം, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ജോയ് മാളിയേക്കൽ എന്നിവർ പങ്കെടുത്തു.


