"> Skip to content
Sample Header Banner
October 31, 2026
⌕
Breaking

ചേരാനല്ലൂർ അപകടക്കേസിലെ അച്ചടക്ക നടപടികളിൽ അതൃപ്തി. ഉദ്യോഗസ്ഥർ നിയമവിരുദ്ധ നിർദ്ദേശങ്ങൾക്ക് വഴങ്ങരുതെന്ന് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് താഴെത്തട്ടിലുള്ളവരെന്നും സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിൽ പ്രമേയം

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികളിൽ പരോക്ഷ വിമർശനവും അതൃപ്തിയും രേഖപ്പെടുത്തി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ.

തലസ്ഥാനത്ത് ചേർന്ന സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിൽ പാസാക്കിയ ഔദ്യോഗിക പ്രമേയത്തിലാണ് അസോസിയേഷൻ നിലപാട് വ്യക്തമാക്കിയത്.

പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന കൃത്യനിർവ്വഹണത്തിനിടയിൽ പല കോണുകളിൽ നിന്നും സമ്മർദ്ദങ്ങളും അനാവശ്യ ഇടപെടലുകളും തെറ്റായ ശുപാർശകളും ഉണ്ടാകാറുണ്ടെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.

എന്നാൽ നിയമവിരുദ്ധമായ നിർദ്ദേശങ്ങൾ ആരുടെ ഭാഗത്തുനിന്ന് വന്നാലും അത് കണ്ണുമടച്ച് അനുസരിക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥനും നിയമപരമായ ബാധ്യതയില്ല. അത്തരം സങ്കീർണ്ണ ഘട്ടങ്ങളിൽ ഉദ്യോഗസ്ഥർ തികഞ്ഞ വിവേകത്തോടും സത്യസന്ധതയോടും നീതിബോധത്തോടും കൂടി നിയമത്തിന് വിധേയമായി മാത്രം നിലപാടെടുക്കണം.

അല്ലാത്തപക്ഷം ഉണ്ടാകുന്ന കടുത്ത പ്രത്യാഘാതങ്ങൾ കൃത്യനിർവ്വഹണം നടത്തുന്ന സാധാരണ ഉദ്യോഗസ്ഥർ മാത്രം അനുഭവിക്കേണ്ടിവരുന്ന ദയനീയ സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.

മുൻപ് നിയമപരമായി ശരിയാണെന്ന് കരുതി ചെയ്ത നടപടികൾ പിന്നീട് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും, അതിന്റെ പേരിൽ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്കെതിരെ മാത്രം അച്ചടക്ക നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന രീതി ശരിയല്ലെന്നും സംഘടന കുറ്റപ്പെടുത്തി.

ഒരിക്കൽ ചെയ്ത കൃത്യം വർഷങ്ങൾക്കുശേഷം തെറ്റായി ചിത്രീകരിക്കപ്പെടുമ്പോൾ ‘ആരു പറഞ്ഞിട്ടാണ് ചെയ്തത്’ എന്നത് പരിഗണിക്കപ്പെടാതെ പോകുകയും ‘ആര് ചെയ്തു’ എന്നത് മാത്രം പരിശോധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

അതിനാൽ ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ പൂർണ്ണമായും നിയമപരമായ വഴികളിലൂടെ മാത്രം മുന്നോട്ടുപോകാൻ എല്ലാ ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

അതേസമയം, ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ട് അഡീഷണൽ സെഷൻസ് ജഡ്ജി തന്നെ നേരിട്ട് വിളിക്കുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി.

സ്ഥാനമൊഴിയുന്ന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാളിരാജ് മഹേഷ് കുമാറിന് പകരം ഐ.പി.എസ് ഉദ്യോഗസ്ഥ ആർ. നിശാന്തിനിയാണ് കൊച്ചി സിറ്റി പോലീസിന്റെ പുതിയ കമ്മീഷണറായി ചുമതലയേറ്റത്.

കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചേരാനല്ലൂർ സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരെ വകുപ്പ് നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

 

 

Get more updates from Pudukad News on Google