"> Skip to content
Sample Header Banner
October 31, 2026
⌕
Breaking

പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 7ന്; കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് മുഖ്യാതിഥി; കലാമേള ഉദ്ഘാടനം ചെയ്യും…..ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ കലാമാമാങ്കത്തിന് തിരിതെളിയും; യുകെ മലയാളികളുടെ ഏറ്റവും വലിയ കലോത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

യുകെ : യുകെ മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് കേരള സർക്കാരിലെ സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് മുഖ്യാതിഥിയായി എത്തുന്നു. നവംബർ 07 ശനിയാഴ്ച ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാം ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിക്കുന്ന സലിംകുമാർ നഗറിൽ നടക്കുന്ന ദേശീയ കലാമേളയുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി പി. സി. വിഷ്ണുനാഥ് നിർവഹിക്കും.

കേരള നിയമസഭയിൽ കുണ്ടറ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പി. സി. വിഷ്ണുനാഥ് യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടകനായി എത്തുന്നത് യുകെയിലെ മലയാളി സമൂഹത്തിനും യുക്മയുടെ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും അഭിമാനകരമായ മുഹൂർത്തമായിരിക്കും.

കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യവും സാംസ്കാരിക പൈതൃകവും പ്രവാസലോകത്തെ പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിൽ നിർണായക പങ്കുവഹിക്കുന്ന യുക്മ ദേശീയ കലാമേളയ്ക്ക് കേരള സാംസ്കാരിക വകുപ്പ് മന്ത്രിയുടെ സാന്നിധ്യം കൂടുതൽ പ്രാധാന്യം നൽകും.

ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന നൂറ്റി അറുപതിലേറെ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷൻസ്) സംഘടിപ്പിക്കുന്ന ദേശീയ കലാമേള, പ്രവാസലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലാമത്സരങ്ങളിൽ ഒന്നാണ്.

കേരളത്തിന്റെ സാംസ്കാരിക പൈതൃകം ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനും പ്രവാസി മലയാളികളുടെ പുതിയ തലമുറയെ മാതൃഭാഷയോടും കലകളോടും കൂടുതൽ അടുപ്പിക്കുന്നതിനും യുക്മ നടത്തുന്ന പ്രവർത്തനങ്ങൾക്ക് മന്ത്രി പി. സി. വിഷ്ണുനാഥിന്റെ സാന്നിധ്യം വലിയ പ്രോത്സാഹനമാകുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.

കേരളത്തിലെ സ്കൂൾ, കോളേജ് യുവജനോത്സവങ്ങളുടെ മാതൃകയിൽ സംഘടിപ്പിക്കുന്ന യുക്മ ദേശീയ കലാമേള, കുട്ടികൾക്കും മുതിർന്നവർക്കും തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി മാറിയിരിക്കുകയാണ്. മലയാള ഭാഷയോടും കേരളീയ കലാരൂപങ്ങളോടുമുള്ള പുതുതലമുറയുടെ ആഭിമുഖ്യം വർധിപ്പിക്കുന്നതിനൊപ്പം കേരളത്തിന്റെ സാംസ്കാരിക തനിമ പ്രവാസലോകത്ത് നിലനിർത്തുന്നതിലും യുക്മ കലാമേള വലിയ പങ്കുവഹിക്കുന്നു.

ഒക്ടോബർ 3, 10, 17 തീയതികളിലായി നടന്ന റീജിയണൽ കലാമേളകളിൽ വിജയികളായ നൂറുകണക്കിന് കലാകാരന്മാരും കലാകാരികളുമാണ് നവംബർ 7ന് ചെൽറ്റൻഹാമിൽ നടക്കുന്ന ദേശീയ കലാമേളയിൽ മാറ്റുരയ്ക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരാർത്ഥികളും മാതാപിതാക്കളും അധ്യാപകരും കലാപ്രേമികളും യുക്മ പ്രവർത്തകരുമടക്കം വലിയൊരു ജനാവലി ദേശീയ കലാമേളയ്ക്ക് സാക്ഷ്യം വഹിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര നടൻ സലിംകുമാറിന്റെ സ്മരണാർത്ഥം ‘സലിംകുമാർ നഗർ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന കലാമേള വേദിയിൽ കേരളത്തിന്റെ കലാസാംസ്കാരിക രംഗത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി പി. സി. വിഷ്ണുനാഥിന്റെ സാന്നിധ്യം ഈ വർഷത്തെ കലാമേളയുടെ പ്രത്യേകതയായിരിക്കും.

ദേശീയ കലാമേളയുടെ ഭാഗമായി നടത്തിയ ലോഗോ ഡിസൈൻ മത്സരത്തിൽ കീത്ത്ലി മലയാളി അസോസിയേഷനിലെ ഫെർണാണ്ടസ് വർഗീസും നഗർ നാമനിർദ്ദേശക മത്സരത്തിൽ കവൻട്രി കേരള കമ്മ്യൂണിറ്റിയിലെ ലിൻസിയ ജിനോയും വിജയികളായിരുന്നു. വിജയികൾക്കുള്ള പുരസ്കാരങ്ങൾ ദേശീയ കലാമേള വേദിയിൽ വിതരണം ചെയ്യും.

യുക്മ സൗത്ത് വെസ്റ്റ് റീജിയൺ ആതിഥേയത്വം വഹിക്കുന്ന പതിനേഴാമത് ദേശീയ കലാമേളയ്ക്ക് തുടർച്ചയായ അഞ്ചാം വർഷമാണ് ചെൽറ്റൻഹാം വേദിയാകുന്നത്. ദേശീയ കലാമേള ചരിത്രവിജയമാക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് യുക്മ ദേശീയ നേതൃത്വത്തിന്റെയും സൗത്ത് വെസ്റ്റ് റീജിയണിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നത്.

കേരള സർക്കാരിലെ സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ദേശീയ കലാമേള ഉദ്ഘാടനം ചെയ്യുന്നത് യുക്മയുടെ ചരിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ അധ്യായമായി മാറുമെന്ന് ജനറൽ സെക്രട്ടറി ജയകുമാർ നായർ അഭിപ്രായപ്പെട്ടു.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരന്മാരെയും കലാകാരികളെയും മാതാപിതാക്കളെയും അധ്യാപകരെയും കലാപ്രേമികളെയും യുക്മ പ്രവർത്തകരെയും നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി യുക്മ ട്രഷറർ ഷീജോ വർഗീസ്, ദേശീയ കലാമേള കൺവീനർ വർഗീസ് ഡാനിയൽ (വൈസ് പ്രസിഡന്റ്), സ്മിത തോട്ടം (വൈസ് പ്രസിഡന്റ്), സണ്ണിമോൻ മത്തായി (ജോയിന്റ് സെക്രട്ടറി), റെയ്മോൾ നിധീരി (ജോയിന്റ് സെക്രട്ടറി), പീറ്റർ താണോലിൽ (ജോയിന്റ് ട്രഷറർ) എന്നിവർ അറിയിച്ചു.

Get more updates from Pudukad News on Google