അഭിറാം വധക്കേസ്: കനത്ത മഴയെത്തുടർന്ന് മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിക്കാനുള്ള പദ്ധതി പാളി, പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ നീക്കം | Abhiram Murder Case

Current: മലയാളം

തിരുവനന്തപുരം: പാങ്ങപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഭിറാമിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ആസൂത്രണത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൃത്യത്തിന് ശേഷം മൃതദേഹം വന്സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ പ്രധാന പദ്ധതി.(Abhiram Murder Case Investigation Details Rain Spoiled Suspects Plan)
ഇതിനായി സമീപത്തെ കടയില്‍ നിന്ന് വലിയ കവര്‍ വാങ്ങി സജ്ജമാക്കുകയും ചെയ്തു. എന്നാല്‍, വില്ലനായി കനത്ത മഴ എത്തിയതോടെ പ്രതികളുടെ നീക്കം പാളുകയായിരുന്നു. കേസിലെ രണ്ടാം പ്രതി ഉമറിനെ രക്ഷപ്പെടുത്താന്‍ പെൺസുഹൃത്ത് സജീവമായി ഇടപെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടക്കുന്ന സമയത്ത് ഉമര്‍ സ്വന്തം വീട്ടില്‍ തന്നെയുണ്ടായിരുന്നു എന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇരുവരുടെയും ശ്രമം.
കൃത്യം നടന്ന് തീരുന്നതുവരെ ഇവർ ഉമറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതോടെ പ്രതികള്‍ നേരത്തെ നല്കിയ മൊഴികളില്‍ പലതും അസത്യമാണെന്ന് വ്യക്തമായി. അന്വേഷണം വഴിതിരിച്ചുവിടാന്‍ പ്രതികള്‍ തുടര്‍ച്ചയായി കള്ളമൊഴികള്‍ നല്കുന്നതിനാല് മുഴുവന്‍ പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. നിലവില്‍ റിമാന്‍ഡിലുള്ള പ്രതികള്‍ക്കായി ഉടന്‍ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.
പ്രതികളെ ഒന്നിച്ച് ഇരുത്തിയും വ്യക്തിഗതമായും ചോദ്യം ചെയ്യുന്നതിലൂടെ ഗൂഢാലോചനയിലെ മുഴുവന്‍ കണ്ണികളും പുറത്തുകൊണ്ടുവരാനാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സോഷ്യല്‍ മീഡിയ ചാറ്റുകളും ഫോണ്‍ വിളികളുടെ വിശദാംശങ്ങളും സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. കേസിലെ രണ്ടാം പ്രതിയായ ഉമര്‍ നേരത്തെ കാപ്പാ ചുമത്തപ്പെട്ട കുറ്റവാളിയും, ഒന്നാം പ്രതിയായ പതിനേഴുകാരന് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടയാളുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
Story Summary
Police investigation into the murder of Abhiram, a Plus One student in Pangappara, reveals that the suspects’ plan to dispose of the body elsewhere failed due to heavy rain. Investigation also uncovered false statements and cover-up attempts involving the second accused, Umar, and his friend, while cyber teams analyze digital evidence.











