സിംഗിൾസ് ആണോ? എങ്കിൽ സൗജന്യമായി ഫിൻലാൻഡിലേക്ക് പറക്കാം: ഫിന്നിഷ് ഡിന്നർ ഡേറ്റുമായി വിസിറ്റ് ഫിൻലാൻഡ് | Free Finland Trip

Current: മലയാളം

ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായ ഫിൻലാൻഡിലേക്ക് വിദേശികളായ സിംഗിൾസിന് സൗജന്യ യാത്രയും ബ്ലൈൻഡ് ഡേറ്റിംഗ് അനുഭവവും ഒരുക്കി ഫിൻലാൻഡ് ടൂറിസം ബോർഡ്. ‘ഫിന്നിഷ് ഡിന്നർ ഡേറ്റ്’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2027 ഫെബ്രുവരിയിൽ ഫിൻലാൻഡിലേക്ക് സൗജന്യമായി യാത്ര ചെയ്യാം.(Free Finland Trip For Singles All Expenses Paid Blind Dating Visit Finland)
രാജ്യത്തെ ഭക്ഷണസംസ്കാരം അന്താരാഷ്ട്ര സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം ജീവിതപങ്കാളിയെ കണ്ടെത്താനുള്ള അവസരം കൂടി നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ലോകമെമ്പാടുമുള്ള 16 സിംഗിൾസിനെയാണ് യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത്. 2027 ഫെബ്രുവരി 9 മുതൽ 19 വരെ നടക്കുന്ന യാത്രയുടെ വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, മറ്റ് ആക്റ്റിവിറ്റികൾ തുടങ്ങിയ മുഴുവൻ ചെലവുകളും വിസിറ്റ് ഫിൻലാൻഡ് തന്നെ വഹിക്കും.
ഹെൽസിങ്കി, ടാംപെറെ എന്നീ നഗരങ്ങളിലായി പ്രാദേശിക സിംഗിൾസിനൊപ്പം ഇവർ ഗ്രൂപ്പ് ഡിന്നർ ഡേറ്റുകളിൽ പങ്കാളികളാകും. മൽസ്യം, പഴങ്ങൾ, കൂണുകൾ എന്നിവ ഉപയോഗിച്ച് പ്രശസ്ത ഷെഫുമാർ തയാറാക്കുന്ന പരമ്പരാഗത ഫിന്നിഷ് വിഭവങ്ങളാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. സൂപ്പർമാർക്കറ്റുകളിൽ സിംഗിൾസ് ആണെന്ന് വ്യക്തമാക്കാൻ പിങ്ക് ബാസ്ക്കറ്റുകൾ ഉപയോഗിക്കുന്ന ഫിൻലാൻഡിലെ ‘സിങ്കുകോറി’ എന്ന ട്രെൻഡിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്.
ആർക്കൊക്കെ അപേക്ഷിക്കാം? എങ്ങനെ അപേക്ഷിക്കാം?
ഫിൻലാൻഡിൽ താമസക്കാരല്ലാത്ത, 18 വയസ്സ് തികഞ്ഞ ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള സിംഗിൾസിന് ഇതിനായി അപേക്ഷിക്കാം. “ഒരു ഡിന്നർ ഡേറ്റിൽ നിങ്ങൾ എന്താണ് വിളമ്പാൻ ആഗ്രഹിക്കുന്നത്, എന്തുകൊണ്ട്?” എന്ന ചോദ്യത്തിന് മറുപടിയായി ഇംഗ്ലീഷിൽ ഒരു ചെറിയ വീഡിയോ തയാറാക്കുക. ഈ വീഡിയോ ഇൻസ്റ്റാഗ്രാം, ടിക് ടോക് അല്ലെങ്കിൽ യൂട്യൂബ് തുടങ്ങിയ പൊതു സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ #FinnishDinnerDate എന്ന ഹാഷ്ടാഗോടെ വിസിറ്റ് ഫിൻലാൻഡിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫിന്നിഷ് സമയം നവംബർ 10 രാവിലെ 11.59 വരെയാണ്. തെരഞ്ഞെടുക്കപ്പെടുന്ന 16 പേരുടെ വിവരങ്ങൾ ഡിസംബർ 1-ന് വിസിറ്റ് ഫിൻലാൻഡിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തുവിടും.
Story Summary
Visit Finland has launched the ‘Finnish Dinner Date’ campaign, offering an all-expenses-paid trip to Finland in February 2027 for 16 international singles. The initiative aims to showcase Finnish cuisine and culture while facilitating blind group dates with local singles in Helsinki and Tampere. Eligible applicants aged 18+ can apply by posting a short video on social media answering a specific question by November 10.











