"> Skip to content
November 8, 2026
⌕

ഇറാനിലേക്കുള്ള കരമാർഗങ്ങളിലെ ചരക്കുനീക്കം തടയാൻ 20 അംഗ ടാസ്‌ക് ഫോഴ്‌സുമായി അമേരിക്ക | US task force on Iran land routes

November 8, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

വാഷിംഗ്‌ടൺ: ഇറാനിലേക്കുള്ള കരമാർഗങ്ങളിലൂടെയുള്ള ചരക്കുനീക്കം നിയന്ത്രിക്കാനും ആയുധങ്ങളുടെയും മറ്റ് നിരോധിത വസ്തുക്കളുടെയും കടത്ത് തടയാനും 20 അംഗ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് അമേരിക്കൻ സൈന്യം. സൈനിക, സിവിലിയൻ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം ഇറാന്റെ കരാതിർത്തികളിലൂടെയും കാസ്പിയൻ കടൽ വഴിയുമുള്ള നീക്കങ്ങൾ നിരീക്ഷിക്കുകയും നിയന്ത്രണ നടപടികൾ ഏകോപിപ്പിക്കുകയും ചെയ്യും (US task force on Iran land routes).

ആയുധങ്ങൾ, സൈനിക ആവശ്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകൾ, ഉപരോധം ഏർപ്പെടുത്തിയ വസ്തുക്കൾ, നിയമവിരുദ്ധ വരുമാന സ്രോതസ്സുകൾ എന്നിവയുടെ നീക്കം തടയുകയാണ് ടാസ്‌ക് ഫോഴ്‌സിന്റെ പ്രധാന ലക്ഷ്യമെന്ന് യുഎസ് സെൻട്രൽ കമാൻഡ് മേധാവി ബ്രാഡ് കൂപ്പർ അറിയിച്ചു. ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘം അമേരിക്കൻ സർക്കാർ ഏജൻസികളുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുക. ഇറാനെതിരായ എട്ട് മാസം നീണ്ട യുദ്ധത്തിനിടെ രാജ്യത്തിന്റെ തുറമുഖങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധത്തിന്റെ തുടർച്ചയായാണ് പുതിയ നീക്കം. ഇതോടെ ഇറാനിലേക്കുള്ള കരമാർഗങ്ങളിലൂടെയുള്ള ഗതാഗതത്തിലും നിയന്ത്രണങ്ങൾ ശക്തമാകും. അതേസമയം, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാനും നിയന്ത്രിച്ചിട്ടുണ്ട്. ആഗോള എണ്ണവ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന പാതയാണിത്. ഇതുമൂലം ആഗോള ഊർജവിതരണത്തെയും വ്യാപാരത്തെയും ബാധിച്ചിട്ടുണ്ട്.

യുദ്ധത്തിന്റെ തുടക്കത്തിൽ ഇറാന്റെ തുറമുഖങ്ങൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം രാജ്യത്തിന്റെ എണ്ണ കയറ്റുമതിയെയും ബാധിച്ചു. ഏകദേശം 25 ബില്യൺ ഡോളറിന്റെ ഇറാനിയൻ ക്രൂഡ് ഓയിൽ കയറ്റുമതി ഇതിലൂടെ തടയപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു.

Summary: The US military plans to establish a 20-member task force to disrupt land transit routes into Iran and prevent the movement of weapons and sanctioned materials. The move expands Washington’s restrictions amid the ongoing eight-month conflict and the blockade of Iranian ports.

Get more updates from Pudukad News on Google