
കുവൈത്തിലെ റെസിഡൻഷ്യൽ മേഖലകളിൽ നിന്ന് തൊഴിലാളികളെ അത്യാധുനിക സൗകര്യങ്ങളുള്ള ‘ലേബർ സിറ്റികളിലേക്ക്’ മാറ്റിപ്പാർപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അൽ-സബാഹ് പ്രഖ്യാപിച്ചു. കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ തൊഴിലാളികളുടെ എണ്ണം വർദ്ധിക്കുന്നത് ഒഴിവാക്കാനും താമസ സൗകര്യങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാക്കാനുമാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. ജലീബ് അൽ-ഷുയൂഖ്, ഖൈതാൻ തുടങ്ങിയ മേഖലകളിൽ താമസിക്കുന്നവരെയാകും പ്രധാനമായും പുതിയ നഗരങ്ങളിലേക്ക് മാറ്റുക. പ്രത്യേക കമ്പനികളുടെ മേൽനോട്ടത്തിൽ ഈ ലേബർ സിറ്റികളുടെ നിർമ്മാണം ഉടൻ ആരംഭിക്കും.
അമീർ ശൈഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് പുറമെ കാർഷിക മേഖലയിലും വലിയ പരിഷ്കാരങ്ങൾ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. വാഫ്രയിലെ ഫാമുകൾ സന്ദർശിക്കവെ, പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് കർഷകർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി. കുവൈത്ത് ഫാർമേഴ്‌സ് യൂണിയനെ ശക്തിപ്പെടുത്തി കാർഷിക മേഖലയിലെ പോരായ്മകൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
The post കുവൈത്തിൽ ലേബർ സിറ്റികൾ വരുന്നു; റെസിഡൻഷ്യൽ മേഖലകളിൽ നിന്ന് തൊഴിലാളികളെ മാറ്റും appeared first on Express Kerala.



