
കുവൈത്ത്: വിമാനത്താവളം വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങൾ പിടികൂടി കസ്റ്റംസ് അധികൃതർ. ഒന്നാം നമ്പർ ടെർമിനലിലും നാലാം നമ്പർ ടെർമിനലിലുമായി നടത്തിയ പരിശോധനകളിൽ ഒരു ഇന്ത്യൻ സ്വദേശിയും ബെനിൻ സ്വദേശിനിയുമാണ് പിടിയിലായത്. ലഹരിക്കടത്ത് തടയാൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് നൽകിയ പ്രത്യേക നിർദ്ദേശത്തെത്തുടർന്ന് സുരക്ഷാ പരിശോധനകൾ കർശനമാക്കിയിരുന്നു.
റിപ്പബ്ലിക് ഓഫ് ബെനിനിൽ നിന്നെത്തിയ യുവതിയാണ് ആദ്യം പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 1.074 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിതരണത്തിനായി പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ചെറിയ ബാഗുകളും സിഗരറ്റ് പേപ്പറും ഇവരുടെ ലഗേജിൽ ഉണ്ടായിരുന്നു. കുവൈത്തിൽ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്യാൻ എത്തിയതായിരുന്നു ഇവർ. ഡൽഹിയിൽ നിന്നെത്തിയ ഇന്ത്യൻ സ്വദേശിയാണ് രണ്ടാമത്തെ കേസിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 226 ഗ്രാം ഹാഷിഷ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പിടികൂടിയ ലഹരിമരുന്നുകൾ തുടർനടപടികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് ആൻഡ് ആൽക്കഹോൾ കൺട്രോളിന് കൈമാറി. രണ്ട് കേസുകളിലും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.
The post വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന; ലഹരിയുമായി രണ്ട് യാത്രക്കാർ പിടിയിൽ appeared first on Express Kerala.



