ചൈനീസ് ചാരസംഘടന ബന്ധമുള്ള യുവതിയുമായി വഴിവിട്ട ബന്ധം; എൻവിഡിയ സി.ഇ.ഓ ജെൻസൻ ഹുവാങ്ങിനെതിരെ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ച് കമ്പനി ബോർഡ്

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് നിര്‍മ്മാണ കമ്പനിയായ എന്‍വിഡിയയുടെ സ്ഥാപകനും സി.ഇ.ഓയുമായ ജെന്സന് ഹുവാങ്ങിനെച്ചൊല്ലിയുള്ള ചാരവൃത്തി വിവാദം ആഗോള ടെക് ലോകത്ത് വന്‍ പുകിലാവുന്നു.
ചൈനീസ് ഇന്റലിജന്‍സ് ചാരയെന്ന് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്ന ‘മെഗാസ്പീഡ്’ മുന്‍ എക്സിക്യൂട്ടീവ് ആലീസ് ഹുവാങ്ങുമായി തനിക്ക് അനധികൃത ബന്ധമുണ്ടായിരുന്നുവെന്ന് ജീവനക്കാര്‍ക്കയച്ച ഇ-മെയിലില്‍ ജെന്സന് ഹുവാങ് പരസ്യമായി തുറന്നുപറഞ്ഞു.
2024 ജൂണില്‍ തായ്പേയില്‍ നടന്ന ‘കമ്പ്യൂട്ടെക്സ്’ ടെക്നോളജി എക്സിബിഷനിലാണ് ഇരുവരും ആദ്യമായി പൊതുവേദിയില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് 2025 മേയില്‍ തായ്പേയിലെ ചൈനീസ് റെസ്റ്റോറന്റില്‍ നടന്ന വിരുന്നിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു.
യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ രഹസ്യരേഖ വഴിയാണ് ഹുവാങ്ങും ചൈനീസ് ചാരവനിതയും തമ്മിലുള്ള ബന്ധം അമേരിക്കന്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
ആലീസ് ഹുവാങ് വഴി എന്‍വിഡിയയുടെ സുപ്രധാന എ.ഐ സാങ്കേതികവിദ്യ ചോര്‍ന്നിട്ടുണ്ടോ എന്ന ഭയത്തെ തുടര്‍ന്ന് കമ്പനി ബോര്‍ഡ് വിഷയം അന്വേഷിക്കാന്‍ സ്വതന്ത്ര സമിതിയെ നിയോഗിച്ചു.
63-കാരനായ ഹുവാങ് സ്ഥാനത്ത് തുടരുമെന്ന് വിപണി കരുതുന്നുണ്ടെങ്കിലും ബോര്‍ഡ് അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം സി.ഇ.ഓ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുറത്താക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.




