കളക്ടർക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; ടിവികെ എംഎൽഎ അരുൾ വിഗ്നേഷിനെതിരെ കനിമൊഴിയുടെ വിമർശനം

കള്ളക്കുറിച്ചി: ജില്ലാ കളക്ടറോട് മോശം പെരുമാറ്റം നടത്തിയെന്ന പരാതിയിൽ ടിവികെ എംഎൽഎ അരുൾ വിഗ്നേഷ് വിവാദത്തിൽ. ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മദ്യലഹരിയിൽ രാത്രിയിൽ കളക്ടറുടെ വസതിയിലെത്തിയെന്നുമാണ് പരാതി.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കളക്ടർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കളക്ടറുടെ കുടുംബം ടിവികെ നേതാവും മന്ത്രിയുമായ ബുസി ആനന്ദിനെ നേരിട്ട് പരാതി അറിയിച്ചതായാണ് വിവരം.
പരാതിയുടെ പശ്ചാത്തലത്തിൽ എംഎൽഎയ്ക്ക് പാർട്ടി നേതൃത്വം താക്കീത് നൽകിയതായും ടിവികെയുടെ അച്ചടക്ക സമിതി വിഷയം പരിശോധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ജില്ലയിലെ ശക്തനായ ഡിഎംകെ എംഎൽഎയാണെന്നാണ് അരുൾ വിഗ്നേഷിന്റെ ആരോപണം. വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത ഡിഎംകെ, ടിവികെ എംഎൽഎയ്ക്കെതിരെ വിമർശനം ശക്തമാക്കി. ജില്ലാ കളക്ടർമാർക്ക് പോലും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമാണെന്ന വിമർശനവുമായി കനിമൊഴിയും എക്സിൽ പോസ്റ്റ് പങ്കുവെച്ചു.




