Skip to content
November 11, 2026
⌕

ഫ്രാൻസിലെ സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകൾക്ക് നേരെ സൈബർ ആക്രമണം; ഇറാന്റെ റെവല്യൂഷണറി ഗാർഡിന് പങ്കെന്ന് ആരോപണം | France supermarket cyberattack

November 10, 2026
Share this post to
France supermarket cyberattack

പാരീസ്: ഫ്രാൻസിലെ സൂപ്പർമാർക്കറ്റുകളിലെ ശീതീകരണ സംവിധാനങ്ങൾ ലക്ഷ്യമിട്ട് നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ബന്ധമുള്ള ഹാക്കിങ് സംഘമാണെന്ന് ഫ്രാൻസ്. ഒക്ടോബർ 11, 12 തീയതികളിലുണ്ടായ ആക്രമണത്തിൽ ആയിരത്തിലധികം സ്റ്റോറുകളെ ബാധിച്ചതായും ലക്ഷക്കണക്കിന് യൂറോയുടെ ഭക്ഷ്യവസ്തുക്കൾ നശിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ഫ്രാൻസ് അന്വേഷണം ആരംഭിച്ചു. (France supermarket cyberattack)

ആക്രമണവുമായി ബന്ധപ്പെട്ട് ഇറാൻ അംബാസഡറെ വിളിച്ചുവരുത്തിയതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോ പറഞ്ഞു. കുറ്റക്കാർക്കെതിരെ യൂറോപ്യൻ തലത്തിൽ ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് മണ്ണിൽ അട്ടിമറി ലക്ഷ്യമിട്ട് നടന്ന ആദ്യത്തെ വലിയ തോതിലുള്ള സൈബർ ആക്രമണമാണിതെന്നും രാജ്യത്തിന്റെ താൽപര്യങ്ങൾക്കും ജനങ്ങളുടെ സുരക്ഷയ്ക്കും നേരെയുള്ള ഗുരുതരമായ നീക്കമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. ഐആർജിസിയുമായി ബന്ധമുള്ള ‘ഷഹീദ് കവേ’ എന്ന സൈബർ യൂണിറ്റാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഫ്രഞ്ച് അധികൃതരുടെ ആരോപണം. യൂണിറ്റിന്റെ തലവനും രണ്ട് ഡെപ്യൂട്ടിമാർക്കുമെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് പാരിസ് പ്രോസിക്യൂട്ടർ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തിൽ ഉപയോഗിച്ച ആശയവിനിമയങ്ങളിൽ ഫാർസി ഭാഷയും ഇറാനുമായി ബന്ധിപ്പിക്കാവുന്ന ഐപി വിലാസങ്ങളും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളുടെയും ഫ്രീസറുകളുടെയും നിയന്ത്രണ സംവിധാനങ്ങളിലേക്ക് ഹാക്കർമാർ ഇന്റർനെറ്റ് വഴി പ്രവേശിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്ന് രാത്രികാലങ്ങളിൽ ഇവയുടെ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തി. ഇതോടെ ഭക്ഷ്യവസ്തുക്കൾ ഉപയോഗശൂന്യമായി. ചില സ്റ്റോറുകളിൽ അമിതമായ ചൂട് തീപിടിത്തത്തിനും ഉപകരണങ്ങൾ ഉരുകുന്നതിനും കാരണമായി. ഇ-ലെക്ലെർക്ക്, ഇന്റർമാർഷെ, കാരിഫോർ, മോണോപ്രി, കോഓപ്പറേറ്റീവ് യു തുടങ്ങിയ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളെയാണ് ആക്രമണം ബാധിച്ചത്. ഇന്റർമാർഷെയുടെയും നെറ്റോയുടെയും 300ലധികം സ്റ്റോറുകൾക്ക് കേടുപാടുണ്ടായി. കോഓപ്പറേറ്റീവ് യുവിന്റെ നൂറിലധികം സ്റ്റോറുകളും കാരിഫോറിന്റെ 80 സ്റ്റോറുകളും ആക്രമണത്തിനിരയായി. മോണോപ്രിയുടെ ഏകദേശം 490 സ്റ്റോറുകളിൽ അഞ്ച് ശതമാനത്തെയും ബാധിച്ചതായാണ് റിപ്പോർട്ട്.

നവംബർ രണ്ടിന് ബെൽജിയം, എസ്റ്റോണിയ, അയർലൻഡ്, ലക്സംബർഗ്, സ്വീഡൻ എന്നീ രാജ്യങ്ങളിലും സമാനമായ രീതിയിൽ ഫ്രിഡ്ജുകളുടെയും ഫ്രീസറുകളുടെയും താപനില ഉയർന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി സ്റ്റോറുകൾക്കും ഒരു ഭക്ഷ്യവിതരണ കേന്ദ്രത്തിനും ഇതുമൂലം നാശനഷ്ടമുണ്ടായി. സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. രാജ്യാന്തര സൈബർ കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തുന്നതിലെ സഹകരണപരിമിതി കാരണം ആക്രമണത്തിന് പിന്നിലുള്ള സംഘത്തെ കൃത്യമായി കണ്ടെത്തുക പ്രയാസമാണെന്ന് സൈബർ സുരക്ഷാ വിദഗ്ധ ജൊഡി വെസ്റ്റ്ബിയും ചൂണ്ടിക്കാട്ടി.

Summary: France has accused an Iran-linked cyber unit affiliated with the Islamic Revolutionary Guard Corps of hacking supermarket refrigeration systems in October. The attack reportedly affected more than 1,000 stores, spoiled food worth millions of euros and caused fires in some locations.

Get more updates from Pudukad News on Google